-->
കോതമംഗലം:മകന്‍ ഓണ്‍ലൈന്‍ വഴി നടത്തിയ ബിസിനസിന്റെ പേരിലുണ്ടായ പരാതി തീര്‍ക്കാന്‍ എന്ന പേരില്‍ ബി.ജെ.പി.നേതാക്കള്‍ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് കുടുംബം ബി.ജെ.പി.കോതമംഗലം മണ്ഡലം ഓഫീസിന് മുമ്പില്‍ പെട്രോളുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കി.ചേലാട് ആറ്റുപുറത്ത് ജോര്‍ജ്, ഭാര്യ ജിന്‍സ്, ജോര്‍ജിന്റെ സഹോദരനും ബി.ജെ.പി. കോതമംഗലം മുനിസിപ്പല്‍ വെസ്‌റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ എല്‍ദോസ് എന്നിവരാണ് രാവിലെ 10 ന് മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശമുള്ള ബി.ജെ.പി.ഓഫീസില്‍ അഞ്ച് ലിറ്ററിന്റെ കന്നാസില്‍ പെട്രോളുമായെത്തിയത്.
ഈ സമയം ഓഫീസിലുണ്ടായിരുന്നവര്‍ പോലീസ് വിളിക്കുന്നതായറിയിച്ച് ഓഫീസ് പൂട്ടി പുറത്തേക്ക് പോയി. തുടര്‍ന്ന് മൂവരും പെട്രോള്‍ കന്നാസ് മുന്നില്‍ വച്ച് ഓഫീസിന് സമീപം കുത്തിയിരുന്നു. താമസിയാതെ പോലീസ് എത്തി മൂവരെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വിശ്വാസ വഞ്ചനയ്‌ക്ക് ഉള്‍പ്പെടെ ബി.ജെ.പി.നേതാക്കള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പരാതിക്കാര്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് പ്രകാരം ഓണ്‍ലൈന്‍ ബിസിനസിന്റെ പേരില്‍ കാസര്‍ഗോഡ്, ബംഗ്‌ളുരു എന്നിവിടങ്ങളിലുണ്ടായ പരാതി ഒത്തുതീര്‍പ്പാക്കാനായി ബി.ജെ.പി.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സെക്രട്ടറി ടി.എസ്.സുനീഷ്, സനല്‍ എന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ എന്നിവര്‍ ചേര്‍ന്ന് 10,58,000 രൂപ പലപ്പോഴായി വാങ്ങിയെന്നും എന്നാല്‍ കേസ് തീര്‍പ്പാക്കിയില്ലെന്നുമാണ്. പിന്നീട് സ്വന്ത നിലയില്‍ അഞ്ചു ലക്ഷത്തോളം രൂപ നല്‍കി ഇക്കാര്യം തീര്‍ക്കുകയായിരുന്നു.സനല്‍ എന്ന് പേരുള്ള പോലീസ് ഉദ്യോഗസ്‌ഥന്‍ ഇക്കാര്യത്തില്‍ മധ്യസ്‌ഥത വഹിക്കുമെന്ന് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ മാങ്ങോട് പറഞ്ഞിരുന്നു.2025 നവംബറില്‍ പണം തിരികെ തരാമെന്നാണ് പറഞ്ഞിരുന്നത്.പാര്‍ട്ടി നേതാക്കള്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. പിന്നിട് മൂവാറ്റുപുഴ ഡി.വൈ.എസ്.പി.ക്കും.നടപടിയുണ്ടാകാതിരുന്നതിനാല്‍ ആത്മഹത്യയല്ലാതെ മാര്‍ഗമില്ലെന്നും പറഞ്ഞിരുന്നതായി ഇവര്‍ പറയുന്നു.
രാജി വാങ്ങിയതായി ജില്ലാ പ്രസിഡന്റ്
കോതമംഗലം: പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മണ്ഡലം ചുമതലയില്‍ ഉണ്ടായിരുന്ന ആരോപണ വിധേയനായ ടി.എസ്. സുനീഷിന്റെ പക്കല്‍ നിന്നും മണ്ഡല അധ്യക്ഷ രാജി എഴുതി വാങ്ങിയതായി ബി.ജെ.പി.ഈസ്‌റ്റ് ജില്ലാ പ്രസിഡന്റ് പി.പി.സജീവ് അറിയിച്ചു.
കുത്തിയിരുപ്പ് നാടകത്തിന് ഹേതുവായ കാരണത്തെ സംബന്ധിച്ച് ജില്ലാ ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ നടപടി സ്വീകരിക്കുകയും പരാതിയുടെ നിജസ്‌ഥിതി മനസ്സിലാക്കുന്നതിന് ജില്ലാ ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിയമസഹായം ചെയ്യുന്നതിന് വേണ്ടി സംസ്‌ഥാനത്തിന് അകത്തും പുറത്തുമായിട്ടുള്ള പോലീസ് ഉദ്യോഗസ്‌ഥരുമായും അഭിഭാഷകരുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടു. കൂടാതെ പരാതിക്കാരന്റെ ആവശ്യത്തിന് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മ്മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ കേസ് പോലീസ് അന്വേഷിച്ചാല്‍ മാത്രമേ നിജസ്‌ഥിതി ബോധ്യമാവുകയുള്ളൂ എന്ന് ജനറല്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തിട്ടുണ്ട്. ഈ വിവരം പരാതിക്കാരനെ ധരിപ്പിക്കുകയും ചെയ്‌തിരുന്നു.
അതിന്റെ അടിസ്‌ഥാനത്തില്‍ പരാതിക്കാരന്‍ പോലീസ് അധികാരികള്‍ക്കു മുമ്പാകെ എഴുതി തയ്യാറാക്കിയ പരാതി നല്‍കുകയും ചെയ്‌തിട്ടുണ്ട്. പരാതിക്ക് ഹേതുവായ ഈ സാമ്പത്തിക ഇടപാടുകളൂം ബോധ്യമായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് സമഗ്രമായ പോലീസ് അന്വേഷണം വേണമെന്ന് ബി.ജെ.പി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും പ്രസിഡന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.