-->
ആലപ്പുഴ: ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന പദ്ധതിയാണ് വേമ്പനാട് കായല്‍ പുനരുജ്‌ജീവനമെന്ന് ജസ്‌റ്റിസ് കെ. സുകുമാരന്‍. ലോക തണ്ണീര്‍ത്തട ദിനാചര ണത്തിന്റെ ഭാഗമായി വേമ്പനാട് പുനരുജ്‌ജീവനവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്‌ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യനുണ്ട്.
ജലസ്രോതസുകളുടെ സംരക്ഷണവും പരിപാലനവും വികസനപ്രവര്‍ത്തനങ്ങളായി തന്നെ കണക്കാക്കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വേമ്പനാട് കായല്‍ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും മുന്നിട്ടിറങ്ങുകയും ചെയ്‌ത ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍ അധ്യക്ഷനായി. വേമ്പനാട് കായല്‍ സംരക്ഷണം തുടര്‍പ്രവര്‍ത്തനമാക്കി മാറ്റണമെന്നും ജലാശയങ്ങളെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലകൊള്ളേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും പദ്ധതിയില്‍ തദ്ദേശസ്‌ഥാപനങ്ങളുടെ പങ്കാളിത്തം കൂടു തല്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. വേമ്പനാട് കായല്‍ പുനരുജ്‌ജീവനമെന്നത് ഏതാനും ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകുന്ന ലക്ഷ്യമല്ലെന്നും പത്തുവര്‍ഷം നീളുന്ന പദ്ധതിയായാണ് വിഭാവനം ചെയ്‌തിരിക്കുന്നതെന്നും അതിന് തദ്ദേശ സ്‌ഥാപനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു. നിലവില്‍ മികച്ച രീതിയിലാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ മുന്‍ ഡി.ജി.പി ഹോര്‍മിസ് തരകന്‍ വിശിഷ്‌ടാതിഥിയായി. വേമ്പനാട് കായല്‍ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും സെമിനാറില്‍ നടന്നു. ടാഗ്‌സ് ഫോറം ഡയറക്‌ടര്‍ രോഹിത് ജോസഫ്, കായല്‍ കൃഷി ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ. കെ.ജി പത്മകുമാര്‍, കുഫോസ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ അക്വാട്ടിക് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് കണ്‍സര്‍വേഷന്‍ പ്രഫസര്‍ ഡോ. വി. എന്‍. സഞ്‌ജീവന്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി ഫ്യൂച്ചര്‍ കേരള മിഷന്‍ സയന്റിഫിക് അഡൈ്വസര്‍ പ്രഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു
തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്‌ടര്‍ സി പ്രേംജി, സംസ്‌ഥാന തണ്ണീര്‍ത്തട അതോറിറ്റി പ്രതിനിധി ജോണ്‍ സി മാത്യു, തദ്ദേശസ്‌ഥാപന അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.