-->
പനമരം: നെല്‍പാടങ്ങളിലും കൃഷിയിടറങ്ങളിലും തുടര്‍ച്ചയായി ഉണ്ടാക്കുന്ന നാശനഷ്‌ടങ്ങള്‍ക്കു പിന്നാലെ വിളവെടുപ്പ് കഴിഞ്ഞ് വീട്ടുമുറ്റത്ത് ഉണക്കാന്‍ ഇട്ട കാപ്പിക്കുരു കാട്ടാന തിന്നു നശിപ്പിച്ചു. പനമരം നീര്‍വാരം പരിയാരം ബോബിനിലയം ബബീഷ്, പങ്കജാക്ഷി എന്നിവരുടെ ഒന്നര ക്വിന്റലോളം പകുതി ഉണങ്ങിയ കാപ്പിക്കുരവാണ് ആന നശിപ്പിച്ചത്. കൂടാതെ ഇവരുടെ വാഴയും തെങ്ങും മറ്റു കാര്‍ഷിക വിളകളും ആന നശിപ്പിച്ചിട്ടുണ്ട്.
കാപ്പിക്കുരു മൂടാന്‍ ഉപയോഗിച്ച ഷീറ്റും കുത്തിക്കീറി. കഴിഞ്ഞ ദിവസം രാത്രി പാതിരി സൗത്ത് വനത്തില്‍ നിന്നിറങ്ങിയ കാട്ടാനയാണ് വീട്ടുമുറ്റത്ത് ഉണങ്ങാന്‍ ഇട്ട കാപ്പിക്കുരു തിന്നു നശിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുന്‌പ് നീര്‍വാരം കല്ലുവയലില്‍ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന നെല്ല് കാട്ടാന തിന്ന് നശിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ വനപാലകരെ തടഞ്ഞുവയക്കുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. നെല്ലും കാര്‍ഷിക വിളകളും ആനകള്‍ തിന്നുന്നത് പതിവാണെങ്കിലും പകുതി ഉണക്കായ കാപ്പിക്കുരു ആദ്യമായാണ് ആന തിന്ന് നശിപ്പിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാപ്പിക്കുരു മൂടാന്‍ ഉപയോഗിച്ച 3500 രൂപ വിലവരുന്ന നാല് ഷീറ്റുകളും ആന നശിപ്പിച്ചു.
നിരന്തരം കാട്ടാന ഇറങ്ങി വന്‍ കൃഷി നാശം വരുത്തുന്ന പ്രദേശമാണിത്. സൗത്ത് വയനാട് ഡി.എഫ്.ഒയുടയും നോര്‍ത്ത് വയനാട് ഡി.എഫ്.ഒയുടെയും അധികാരപരിധി ഇടകലര്‍ന്ന പ്രദേശമായതിനാല്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നും അതിനാലാണ് വന്യമൃഗശല്യം ഈ പ്രദേശത്ത് വ്യാപകമാകുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം. കോടികള്‍ മുടക്കിയുള്ള ക്രാഷ് ഗാര്‍ഡ് ഫ്രന്‍സിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതും വന്യമൃഗശല്യം വര്‍ധിക്കാന്‍ കാരണമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ച്ചയായി ഇത്തരത്തില്‍ ഉണ്ടാകുന്ന കാട്ടാന ശല്യാത്തില്‍ നിന്നും അധികൃതര്‍ ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.