Friday, March 13, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 04.51 AM

എസ്‌.ഐ.ആര്‍- 81,000 നോണ്‍മാപ്പിങ്‌ കേസുകള്‍ പരിഹരിച്ചു; ഈയാഴ്‌ചയോടെ ഹിയറിങ്‌ പൂര്‍ത്തിയാകും: കലക്‌ടര്‍

uploads/news/2026/02/823367/1.jpg

മലപ്പുറം: എസ്‌.ഐ.ആര്‍. പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ കണ്ടെത്താനാവാത്ത 81,000 കേസുകള്‍ പരിഹരിച്ചു കഴിഞ്ഞെന്നും ലോജിക്കല്‍ വ്യത്യാസമുള്‍പ്പെടെ ഹിയറിങ്‌ ആവശ്യമുള്ള മൂന്നുലക്ഷം കേസുകള്‍ പ്രത്യേക ഹിയറിങ്‌ നടത്തി ഈയാഴ്‌ചയോടെ പരിഹരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ വി.ആര്‍.വിനോദ്‌ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
എസ്‌.ഐ.ആര്‍. പരിഷ്‌കരണം വഴി വോട്ടവകാശമുള്ള ആരും വോട്ടര്‍പട്ടികയില്‍ നിന്ന്‌ പുറത്താകുന്ന സാഹചര്യമുണ്ടാകില്ലെന്നും കലക്‌ടര്‍ പറഞ്ഞു. എസ്‌.ഐ.ആര്‍. ജോലികളുടെ പുരോഗമനം സംബന്ധിച്ച്‌ പി. ഉബൈദുള്ള എം.എല്‍.എയാണ്‌ ചോദ്യമുന്നയിച്ചത്‌. വില്ലേജ്‌ ഓഫീസുകളില്‍ ഹെല്‍പ്‌ ഡെസ്‌കുകള്‍ രൂപീകരിച്ചിട്ടുണ്ട്‌. ഫോം ആറ്‌, ഏഴ്‌, എട്ട്‌, എട്ട്‌ എ ഉള്‍പ്പെടെയുള്ള ആറുലക്ഷത്തിലധികം അപേക്ഷകള്‍ പരിഗണിച്ച്‌ ഫെബ്രുവരി 14ന്‌ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു.
എം.എല്‍.എ.മാരുടെ ആസ്‌തിവികസന ഫണ്ടില്‍ നിന്നുള്ള പദ്ധതികള്‍ക്ക്‌ ഭരണാനുമതി നല്‍കുന്നതിലെ കാലതാമസം ആബിദ്‌ ഹുസൈന്‍ തങ്ങള്‍ വികസന സമിതിയോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ആസ്‌തിവികസന ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികളുടെ ഭരണാനുമതി വൈകില്ലെന്നും ഇതിനായി പ്രത്യേക യോഗം ചേരുമെന്നും കലക്‌ടര്‍ പറഞ്ഞു. അടുത്ത ജില്ലാ വികസന സമിതി യോഗത്തിന്‌ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്‌ഥരുടെ പ്രീ വികസന സമിതി യോഗം ഫെബ്രുവരി 25ന്‌ രാവിലെ 10.30ന്‌ ചേരുമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു.
ഇരിമ്പിളിയം വലിയകുന്നത്ത്‌ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ ലൈന്‍ മാറ്റി സ്‌ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, പൊതുമരാമത്ത്‌ റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ എന്നിവരുടെ യോഗം ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ നാളെ അഞ്ചിന്‌ ചേരും. ആബിദ്‌ ഹുസെന്‍ തങ്ങള്‍ എം.എല്‍.എയാണ്‌ വിഷയം ഉന്നയിച്ചത്‌.
കാടാമ്പുഴ 110 കെ.വി. സബ്‌സേ്‌റ്റഷന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചെന്നും ഫെബ്രുവരി 15ന്‌ കമ്മീഷന്‍ ചെയ്ും. കോട്ടയ്‌ക്കയല്‍, വളാഞ്ചേരി എന്നീ നഗരസഭകളിലും മാറാക്കര, എടയൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം എന്നീ പഞ്ചായത്തുകളിലുമായി 2017 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 6.06 കോടി രൂപ ചെലവില്‍ 91 ട്രാന്‍സ്‌ഫോമറുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നും കെ.എസ്‌.ഇ.ബി. ട്രാന്‍സ്‌മിഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു. ആബിദ്‌ ഹുസൈന്‍ തങ്ങളാണ്‌ വിഷയമുന്നയിച്ചത്‌.
ജില്ലാ പോലീസ്‌ മേധാവി, പി.ഡബ്ലിയു.ഡി. റോഡ്‌സ് വിഭാഗം, എന്‍ഫോഴ്‌സ്മെന്റ്‌ വിഭാഗം എന്നിവയുടെ റോഡു സുരക്ഷയുമായി ബന്ധപ്പെട്ട യോഗം ഫെബ്രുവരി മൂന്നിന്‌ വൈകിട്ട്‌ മൂന്നിന്‌ കോട്ടയ്‌ക്കല്‍ മുന്‍സിപ്പാലിറ്റിയില്‍ ചേരുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. കോട്ടയ്‌ക്കല്‍-പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ്‌ മൂന്നാം ഘട്ടത്തിനായുള്ള ടോട്ടല്‍ സേ്‌റ്റഷന്‍ സര്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്‌ ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിന്‌ മറുപടിയായി പൊതുമരാമത്ത്‌ റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു.
കോട്ടക്കുന്ന്‌ ഡ്രെയിനേജ്‌ നിര്‍മാണത്തിന്റെ പുരോഗതി പൂര്‍ത്തിയാക്കണമെന്ന്‌ പി. ഉബൈദുള്ള എം.എല്‍.എ. ആരാഞ്ഞു. സിവില്‍ സേ്‌റ്റഷനിലെ കുടുംബകോടതിയുടെ കെട്ടിടം അവസാന ഘട്ട നിര്‍മാണത്തിലാണെന്നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ ഓഫീസിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുവെന്നും ആര്‍.ടി. ഓഫീസ്‌ കെട്ടിട നിര്‍മാണ പ്രപ്പോസല്‍ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും പി.ഡബ്ലി.യു.ഡി. ബില്‍ഡിങ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഉബൈദുള്ള എം.എല്‍.എയാണ്‌ ചോദ്യമുന്നയിച്ചത്‌.
ദേശീയപാതയുമായി ബന്ധപ്പെട്ട ഡ്രെയിനേജ്‌ സംവിധാനങ്ങളുടെ നിര്‍മാണത്തെക്കുറിച്ച്‌ കെ.പി.എ. മജീദ്‌ എം.എല്‍.എ.യുടെ ചോദ്യത്തിന്‌ ഇതിനായുള്ള ഫണ്ട്‌ ദേശീയപാത അതോറിറ്റി റിലീസ്‌ ചെയ്‌താലുടന്‍ എല്‍.എസ്‌.ജി.ഡി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ക്ക്‌ കൈമാറുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അര്‍ബുദ രോഗികളുടെ മരുന്ന്‌ ക്ഷാമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടറുടെ അടിയന്തര ഇടപെടലിനായി കത്ത്‌ നല്‍കിയിട്ടുണ്ടെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എയുടെ പ്രതിനിധിയാണ്‌ വിഷയമുന്നയിച്ചത്‌.
അംബേദ്‌ക്കര്‍ ഗ്രാമം പദ്ധതി പ്രകാരം അനുവദിച്ച മഞ്ചേരി നഗരസഭയിലെ അടങ്ങുംപുറം ഉന്നതിയുടെ പ്രവൃത്തി ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്ന്‌ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. മഞ്ചേരി അമൃത്‌ കുടിവെള്ള പദ്ധതിയുടെ 300 മീറ്റര്‍ പൈപ്പലൈന്‍ സ്‌ഥാപിക്കല്‍ പ്രവൃത്തി ഈയാഴ്‌ച ആരംഭിക്കുമെന്ന്‌ കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു. യു.എ. ലത്തീഫ്‌ എം.എല്‍.എയുടെ പ്രതിനിധിയാണ്‌ ചോദ്യമുന്നയിച്ചത്‌.
തവനൂര്‍-പൊന്നാനി മണ്ഡലത്തിലെ കോലിക്കര-മുതല്‍ കുറ്റിപ്പുറം പാലം വരെയുള്ള 21 കിലോമീറ്റര്‍ റോഡിന്റെ കരാര്‍ തുക കൂടുതലായതിനാല്‍ അംഗീകാരത്തിനായി സര്‍ക്കാരിലേക്ക്‌ സമര്‍പ്പിച്ചിരിക്കുകയാണെന്ന്‌ പൊതുമാരാമത്ത്‌ വകുപ്പ്‌ നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ എം.പി. അബ്‌ദുസമദ്‌ സമദാനിയുടെ പ്രതിനിധിയുടെ ചോദ്യത്തിന്‌ മറുപടിയായി അറിയിച്ചു.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ആബിദ്‌ ഹുസൈന്‍ തങ്ങള്‍, കെ.പി.എ. മജീദ്‌, പി. ഉബൈദുള്ള, എ.ഡി.എം. കെ. ദേവകി, സബ്‌ കലക്‌ടര്‍ സാക്ഷി മോഹന്‍, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ടി.വി. ഷാജു, ജില്ലാതല ഉദ്യോഗസ്‌ഥര്‍, എം.പി-എം.എല്‍.എമാരുടെ പ്രതിനിധികള്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 01 Feb 2026 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW