-->
മട്ടന്നൂര്‍ നഗരസഭയെയും പടിയൂര്‍ പഞ്ചായത്തിലെയും ബന്ധിപ്പിക്കുന്ന പൊറോട്ട പെരുമണ്ണ് പാലം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍. കഴിഞ്ഞദിവസം സംസ്‌ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്‌ജറ്റില്‍ പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി 32 കോടി രൂപ നീക്കി വെച്ചതാണ് വര്‍ഷങ്ങളായി ഇരുകരയിലെയുംനാട്ടുകാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പാലം എന്ന ആവശ്യവുമായി കര്‍മ്മ സമിതി നിവേദനങ്ങളും മറ്റും നല്‍കികാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള സദസ്സിലെ പരാതി സെല്ലിന് പാലം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. പാലം യാഥാര്‍ഥ്യമായാല്‍ പൊറോറ കടവ് വഴി പെരുമണ്ണില്‍ എത്തി ഇരിട്ടി, ഇരിക്കൂര്‍, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് എളുപ്പം എത്താന്‍ കഴിയും. പെരുമണ്ണില്‍ നിന്ന് പൊറോറ വഴി കണ്ണൂര്‍ വിമാനത്താവളത്തിലേക്കും മട്ടന്നൂരിലേക്കുമുള്ള യാത്രയും സുഗമമാകും. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പൊറോറ കടവ് വഴി യാത്ര ചെയ്യുന്നത്. മറുകരയെത്താന്‍ തോണിയെ ആശ്രയിക്കാറുണ്ടെങ്കിലും മഴക്കാലത്ത് യാത്ര സാധ്യമാകില്ല. പാലമില്ലാത്തതിനാല്‍ ഏഴുകിലോമീറ്ററോളം വളഞ്ഞാണ് പ്രദേശവാസികള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്. മുമ്പ് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പാലത്തിനായി സ്‌ഥലത്ത് പരിശോധന നടത്തി അടങ്കല്‍ തയ്യാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
ഇതിനിടെ മണ്ണൂര്‍ പാലം വന്നതോടെ പൊറോറപെരുമണ്ണ് കടവ് പാലത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നിലച്ചു. പൊറോറ പ്രദേശത്തിന്റെ വികസനത്തിനും പാലം വന്നാല്‍ സഹായകമാകും. ബസ് സര്‍വീസില്ലാത്തതിനാല്‍ പൊറോറ നിവാസികള്‍ നാളുകളായി യാത്രാദുരിതം അനുഭവിക്കുകയാണ്. കെഎസ്‌ആര്‍ടിസി സര്‍വീസുണ്ടായിരുന്നത് കോവിഡ് കാലത്തോടെ നിലച്ചു. പൊതുഗതാഗത സംവിധാനം ഉള്‍പ്പടെ മെച്ചപ്പെടാന്‍ പാലം വരുന്നതോടെ സാധ്യതയേറെയാണ്. നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് കര്‍മസമിതി രൂപവല്‍ക്കരിച്ച് പാലത്തിനായുള്ള ആവശ്യം ശക്‌തമാക്കിയിരുന്നു.
ഏതായാലും ഈ വേനല്‍ക്കാലത്ത് പുഴ കടക്കാന്‍ ചങ്ങാടം നിര്‍മിക്കുകയാണ് നാട്ടുകാര്‍. നേരത്തെയുണ്ടായിരുന്ന തോണി നശിച്ചതോടെയാണ് നാട്ടുകാര്‍ക്ക് യാത്രാമാര്‍ണ്മമില്ലാതായത്. ചങ്ങാടത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. എ.കെ.മോഹനന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങാടം നിര്‍മിക്കുന്നത്. അക്കരെ ചങ്ങാടം അടുപ്പിക്കാനുള്ള ഭാഗത്തെ പ്രവൃത്തി പൂര്‍ത്തിയായ ശേഷം ഇത് പുഴയിലറക്കും.
കെ പി അനില്‍കുമാര്‍
മട്ടന്നൂര്‍