-->
പനമരം: കാട്ടാനശല്യം രൂക്ഷമായതോടെ നട്ടം തിരിയുകയാണ് കര്‍ഷകരും യാത്രക്കാരും. ഒറ്റക്കും കൂട്ടമായും കാടിറങ്ങുന്ന കാട്ടാനകള്‍ ജീവനും സ്വത്തിനും ഭീഷണി സൃഷ്‌ടിക്കുകയാണ്. വിളവെടുക്കാന്‍ ബാക്കിയുള്ള നെല്‍ക്കൃഷി കാട്ടാന നശിപ്പിക്കാതിരിക്കാന്‍ രാവും പകലും കാവലിരിക്കുകയാണ് കര്‍ഷകര്‍.
കാവലേര്‍പ്പെടുത്തിയിട്ടും കാവല്‍ക്കാരുടെയും സെന്‍സര്‍ പോലുള്ള ഉപകരണങ്ങളുടെയും കണ്ണ് വെട്ടിച്ച് ഇറങ്ങുന്ന കാട്ടാന നെല്ല് അകത്താക്കുന്നതോടെ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കണ്ണീരാണ്. പനമരം, പൂതാടി പഞ്ചായത്തിലെ കര്‍ഷകരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി കാട്ടാനശല്യം മൂലം പൊറുതിമുട്ടുന്നത്. പാതിരി സൗത്ത് സെക്ഷന്‍ വനാതിര്‍ത്തി പ്രദേശമായ പാതിരിയമ്പം, മണിക്കോട്, കല്ലുവയല്‍, തരകമ്പം, മണല്‍വയല്‍, അമ്മാനി, നീര്‍വാരം, ദാസനക്കര, അഞ്ഞണിക്കുന്ന്, നെയ്‌ക്കുപ്പ, കക്കോടന്‍ ബ്ലോക്ക്, പേരൂര്‍, അയനിമല തുടങ്ങി ഒട്ടേറെ സ്‌ഥലങ്ങളില്‍ കാട്ടാനക്കുട്ടത്തിന്റെ വിളയാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം അയനിമല വി.എസ്.എസിന് കീഴിലെ പേരൂര്‍ ഭാഗത്തെ കന്മതില്‍ ചാടിക്കടന്ന് എത്തിയ കാട്ടാന പേരൂര്‍ പാടശേഖരത്തില്‍ വിളവെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന വടക്കാഞ്ചേരി ജോസ് മാത്യുവിന്റെ നെല്ല് കാട്ടാന തിന്നു നശിപ്പിച്ചു.
വയലില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി നെല്‍ക്കൃഷിക്ക് നടുവില്‍ സെന്‍സര്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. സെന്‍സര്‍ സ്‌ഥാപിച്ചതിനു അടുത്തെത്തിയാണ് കാട്ടാന നെല്ല് നശിപ്പിച്ചത്. കാട്ടാന അടുത്തെത്തിയപ്പോള്‍ സെന്‍സര്‍ ശബ്‌ദമുണ്ടാക്കുകയും ലൈറ്റുകള്‍ പ്രകാശിക്കുകയും ചെയ്‌തെങ്കിലും നെല്ല് തിന്ന് വയര്‍ നിറച്ച ശേഷമാണ് കാട്ടാന മടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
പേരൂര്‍ ഭാഗത്ത് കന്മതിലിനോടു ചേര്‍ന്ന് മണ്ണും കല്ലുകളും കുടിക്കിടക്കുന്നതാണ് കന്മതിലിനു മുകളിലൂടെ കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ പ്രധാന കാരണം. ഇത്തരത്തില്‍ കുടിക്കിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്ായത്തതും കാട്ടാന തകര്‍ത്ത പ്രതിരോധ സംവിധാനങ്ങള്‍ പിന്നീട് നന്നാക്കാന്‍ തയാറാകാത്തതും വനാതിര്‍ത്തിയിലെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാത്തതും, കോടികള്‍ മുടക്കിയുള്ള ക്രാഷ് ഗാര്‍ഡ് വേലിയുടെ പണി പൂര്‍ത്തീകരിക്കാത്തതുമാണ് വനാതിര്‍ത്തിയോട് ചേര്‍ന്നതും അല്ലാത്തതുമായ കൃഷിയിടങ്ങളില്‍ കാട്ടാന ശല്യം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനക്കൂട്ടം നെല്‍ക്കൃഷിക്കു പുറമേ കര്‍ഷകരുടെ കമുക്, കുരുമുളക്, വാഴ, തെങ്ങ്, കാപ്പി, കപ്പ, വളര്‍ത്തു പുല്ല് അടക്കമുള്ള കൃഷികളും വ്യാപകമായി നശിപ്പിക്കുകയാണ്. എത്രയുംവേഗത്തില്‍ കാട്ടാനശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.