Saturday, March 14, 2026 Last Updated 39 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.10 AM

ദേശീയപാതയില്‍ നിര്‍മാണതടസം മാറ്റാത്ത സര്‍ക്കാര്‍ നടപടി വിരോധാഭാസം: എം.പി.

തൊടുപുഴ: ദേശീയപാത 85 ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 13.5 കി.മീ. ഭാഗത്ത്‌ ആവശ്യത്തിന്‌ വീതി ഉറപ്പാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനുള്ള അവസരം സര്‍ക്കാര്‍ പാഴാക്കിയെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എം.പി. കഴിഞ്ഞ ഒക്‌ടോബറില്‍ അവസാനമായി ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്‌ പ്രകാരം സര്‍ക്കാര്‍ തന്നെ തെറ്റ്‌ തിരുത്തി നല്‍കിയ സത്യവാങ്‌മൂലം അനുസരിച്ച്‌ കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ള 30 മീറ്റര്‍ വീതി പ്രസ്‌തുത മേഖലയില്‍ നിജപ്പെടുത്തി തീരുമാനമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമായിരുന്നു.
വ്യക്‌തി ഈ മേഖല വനമാണ്‌ എന്ന്‌ അവകാശപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതിനനുകൂലമായി ചീഫ്‌ സെക്രട്ടറി കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചതായിരുന്നു, പദ്ധതി അട്ടിമറിക്കാന്‍ ആ ഘട്ടത്തില്‍ കാരണമായത്‌. 1938 ല്‍ തന്നെ ഈ മേഖലയില്‍ റോഡായി നിശ്‌ചയിച്ചത്‌ 30 മീറ്റര്‍ വീതിയിലായിരുന്നു. 1996 ല്‍ ഒരുപാട്‌ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കുശേഷം അന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉത്തരവിറക്കിയതും 30 മീറ്റര്‍ വീതി റോഡിനുണ്ട്‌ എന്ന തരത്തില്‍ തന്നെയായിരുന്നു.
ഈ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച്‌ ചീഫ്‌ സെക്രട്ടറി അന്ന്‌ ഹര്‍ജിക്കാരനൊപ്പം ചേര്‍ന്ന്‌ പദ്ധതി മരവിപ്പിക്കുകയായിരുന്നു. 2025 ജൂലൈ മാസത്തില്‍ പുറത്തു വന്ന ഇടക്കാല ഉത്തരവിന്റെ പശ്‌ചാത്തലത്തില്‍ ഒരു പാട്‌ ജനകീയ സമരങ്ങള്‍ ഉണ്ടായി. തുടര്‍ന്ന്‌ സര്‍ക്കാര്‍ തെറ്റുതിരുത്തി നല്‍കിയ സത്യവാങ്‌മൂലം അനുസരിച്ച്‌ മുന്‍ സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ച 30 മീറ്റര്‍ വീതി ദേശീയപാതക്ക്‌ അവകാശപ്പെട്ടതാണ്‌ എന്നതിന്‌ അടിവരയിട്ടു. ഇതുപ്രകാരം ഒക്‌ടോബര്‍ മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവ്‌ അനുസരിച്ച്‌ ഈ നിലപാട്‌ സര്‍ക്കാരിന്‌ നടപ്പിലാക്കാനുള്ള അവസരമാണ്‌ ലഭിച്ചത്‌. കോടതി വിധിപ്രകാരം കലക്‌ടറെയും മറ്റു ഉദ്യോഗസ്‌ഥരേയും മേഖലയിലെ നിജസ്‌ഥിതി അന്വേഷിച്ച്‌ റിക്കാര്‍ഡുകള്‍ സഹിതം റിപ്പോര്‍ട്ട്‌ നല്‍കാന്‍ ചീഫ്‌ സെക്രട്ടറി തുടര്‍ന്ന്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു. അതിന്റെ അടിസ്‌ഥാനത്തില്‍ കലക്‌ടര്‍ സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ 30 മീറ്റര്‍ വീതി ഉറപ്പാക്കാനുള്ള അനുകൂല നിലപാട്‌ സ്വീകരിച്ചു. എന്നാല്‍ ചീഫ്‌ ആ നിലപാട്‌ പൂര്‍ണതോതില്‍ അംഗീകരിച്ചില്ലെന്ന നിലയിലാണ്‌ പിന്നീട്‌ പ്രതികരിച്ചത്‌.
ജനുവരി 21 ന്‌ വീണ്ടും ലാന്‍ഡ്‌ റവന്യൂ കമ്മിഷണറെയും സര്‍വേ സൂപ്രണ്ടിനേയും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി ഉത്തരവിറക്കി. 2 ആഴ്‌ച്ച കാലവധിയും അനുവദിച്ചിട്ടുണ്ട്‌. ഇതിനിടയില്‍ തര്‍ക്കമില്ലാത്ത സ്‌ഥലത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കി മറ്റൊരു ഉത്തരവ്‌ നല്‍കുകയും ചെയ്‌തു. ഇതനുസരിച്ച്‌ കൂടുതല്‍ വീതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉണ്ടാവില്ല എന്ന്‌ ഉറപ്പാണ്‌.
ഉദ്ദേശിച്ച രീതിയില്‍ 30 മീറ്റര്‍ വീതി ദേശീയപാതയ്‌ക്ക് ലഭിക്കാനും മറ്റു ഭാഗങ്ങളില്‍ നടക്കുന്ന തരത്തില്‍ 10 മീറ്റര്‍ വീതി കുറഞ്ഞത്‌ എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കിലും ഉന്നതതല കമ്മറ്റിയുടെ അനുകൂല റിപ്പോര്‍ട്ടിന്‌ കാത്തിരിക്കണം. റിപ്പോര്‍ട്ട്‌ എതിരായാല്‍ ഒട്ടും വീതി കൂട്ടല്‍ ഉണ്ടാകുകയുമില്ല. 1938 ല്‍ രാജഭരണ കാലത്ത്‌ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതും 1996 ല്‍ സര്‍ക്കാര്‍ തന്നെ ഉത്തരവ്‌ പുറപ്പെടുവിച്ചതും ഇക്കഴിഞ്ഞ നാളുകളില്‍ ഹൈക്കോടതിയില്‍ ഈ നടപടികള്‍ ശരിവച്ച്‌ നല്‍കിയ സത്യവാങ്‌മൂലത്തിനും യാതൊരു പ്രസക്‌തിയുമില്ലാത്ത തരത്തിലാണ്‌ ഇപ്പോഴത്തെ നടപടിയെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എം.പി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനാണോ ഈ പ്രവൃത്തികള്‍ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും എം.പി. വ്യക്‌തമാക്കി.
ഫെബ്രുവരി 14 ന്‌ അടിമാലിയില്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനപ്രതിനിധികളുടെ സമരത്തിന്‌ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ്‌ എം.പി പറഞ്ഞു.

Ads by Google
Advertisement
Saturday 31 Jan 2026 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW