Saturday, March 14, 2026 Last Updated 35 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.10 AM

മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത; ആശങ്കയില്‍ ജനം മല ഇടിച്ച്‌ മണ്ണുകടത്ത്‌

കുമളി: വണ്ടിപ്പെരിയാര്‍, കുമളി, ചക്കുപള്ളം പഞ്ചായത്തുകളില്‍ മണ്ണ്‌ മാഫിയാ പിടിമുറുക്കുന്നു. പ്രകൃതിയുടെ വരദാനമായുണ്ടായിരുന്ന കുന്നുകള്‍ മിക്കതും മണ്ണ്‌ മാഫിയ ഇടിച്ച്‌ നിരത്തി കഴിഞ്ഞു. അട്ടപ്പള്ളം, മുരുക്കടി, വെള്ളാരംകുന്ന്‌, പത്തു മുറി ഭാഗത്ത്‌ രാപകലില്ലാതെയാണ്‌ അനധികൃതമായ മണ്ണ്‌ കടത്തല്‍ നടക്കുന്നത്‌.
മണ്ണ്‌ കടത്തിനെതിരെ പ്രതികരിക്കുന്ന നാട്ടുകാരുമായി മണ്ണ്‌ മാഫിയ ഏറ്റുമുട്ടല്‍ നടത്താറുണ്ടെന്നും പരാതി ഉയര്‍ന്നു. ഇത്‌ സംബന്ധിച്ച്‌ നാട്ടുകാര്‍ കുമളി പോലീസില്‍ പരാതി നല്‍കിയതായാണ്‌ വിവരം. അട്ടപ്പള്ളം കല്ലറക്കല്‍ ആനസവാരിക്കു സമിപമുള്ള മുരുക്കടി റോഡില്‍, കഴിഞ്ഞ ദിവസം നാട്ടുകാര്‍ മണ്ണ്‌ ലോറി തടഞ്ഞത്‌ സംഘര്‍ഷത്തിനിടയാക്കി.
മുരുക്കടി പതി മൂന്നാം നമ്പര്‍ കോളനിയില്‍ ഒരു മല പുര്‍ണമായി ഇടിച്ച്‌ നിരത്തി. പെരിയാര്‍ പഞ്ചായത്തിലെ മേപ്പരട്ട്‌, ഡൈമുക്ക്‌, വാളാര്‍ഡി തുടങ്ങിയ പ്രദേശങ്ങളിലെ ചതുപ്പുകളെല്ലാം മണ്ണിട്ട്‌ നിരപ്പാക്കി കഴിഞ്ഞു. കുമളി ബസ്‌ സ്‌റ്റാന്റിനോടു ചേര്‍ന്ന്‌ പൊതു വേദി പുതുക്കി പണിയുന്നതിന്റെ മറവില്‍ നിലവിലുണ്ടായിരുന്ന തറവരെ മാന്തി നൂറിലധികം ലോഡ്‌ മണ്ണ്‌ കടത്തി കൊണ്ടുപോയത്‌ വിവാദമായിരുന്നു. പിന്നിട്‌ എവിടുന്നോ മലയിടിച്ച്‌ മണ്ണ്‌ കൊണ്ട്‌ വന്ന്‌ നികത്തിയിട്ടും തറ പൂര്‍വ സ്‌ഥിതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കുമളി പഞ്ചായത്തിലെ അട്ടപ്പള്ളത്ത്‌ വയല്‍ പ്രദേശങ്ങളെല്ലാം കരയായി മാറ്റി കഴിഞ്ഞു.
ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പത്തു മുറി, മുരുക്കടി പ്രദേശത്ത്‌ കുന്നുകള്‍ ഇടിച്ചതിന്റെ ബാക്കിഭാഗങ്ങള്‍ വലിയ തിട്ടയായി നില്‍ക്കുന്നത്‌ അപകട ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ ചുണ്ടി കാട്ടുന്നു. പത്തും ഇരുപതും ടിപ്പര്‍ ലോറികളും അത്രത്തോളം ജെ.സി.ബികളുമാണ്‌ രാവെന്നോ പകലെന്നോ ഇല്ലാതെ മണ്ണ്‌ കടത്തലിനായി പല ഇടങ്ങളിലായി പായുന്നത്‌. വെള്ളാരംകുന്നില്‍ മല ഇടിച്ചുള്ള മണ്ണ്‌ കടത്ത്‌ സജിവമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്‌ എത്തിയതിനെ തുടര്‍ന്ന്‌ അനധികൃതമായി മണ്ണ്‌ കടത്താന്‍ ഉപയോഗിച്ച രണ്ട്‌ ടിപ്പര്‍ ലോറികള്‍ കുമളി പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.
വെള്ളാരം കുന്നില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാല്‌ പേര്‍ക്ക്‌ പരുക്കേറ്റ സംഭവവും ഉണ്ടായി. രാഷ്ര്‌ടീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളാണ്‌ അനധികൃതമണ്ണ്‌ കടത്തിന്‌ പിന്നിലെന്നാണ നാട്ടുകാര്‍ ആരോപിക്കുന്നത്‌.
വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന മല ഇടിക്കല്‍ മഴക്കാലത്ത്‌ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പോലെയുള്ള വലിയ ദുരന്തങ്ങള്‍ക്ക്‌ ഇടയാക്കുമോയെന്ന ആശങ്കയിലാണ്‌ പ്രദേശവാസികള്‍. രാവും പകലുമില്ലാതെയുള്ള അനധികൃത മണ്ണ്‌ കടത്തിന്‌ തടയിടാന്‍ ജില്ലാ പോലീസ്‌ മേധാവി പ്രത്യേക സ്‌കാഡിനെ നിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 31 Jan 2026 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW