-->
നെടുങ്കണ്ടം: കല്ലാര്‍ പട്ടംകോളനി രൂപീകൃതമായതിന്റെ സപ്‌തതി സമാപന ആഘോഷത്തിന് തുടക്കമായി. കോളനിയുടെ സപ്‌തതി ആഘോഷത്തിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിക്കള്‍ക്ക് കഴിഞ്ഞ വര്‍ഷം കോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ സമാപനമാണ് തൂക്കുപാലം പബ്ലിക് ലൈബ്രറി ഗ്രൗണ്ടില്‍ നടക്കുന്നത്. സമാപന സമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി ഉദ്‌ഘാടനം ചെയ്‌തു. മാധ്യമ പ്രവര്‍ത്തകന്‍ ആന്റണി മുനിയറ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് പട്ടം കോളനിയുടെ ഭാഗമായി വരുന്ന നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി. വിജയകുമാര്‍ ആദരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ കെ.ആര്‍. ഉണ്ണികൃഷ്‌ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിന്‍സ് സപ്‌തതി സമാപന സന്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ്‌മാരായ വി.എസ്. ബിനു, ഷിഹാബ് ഈട്ടിക്കല്‍, റൂബി ജോസഫ്, അബ്‌ദുള്‍ അസീസ്, ഭുവനചന്ദ്രന്‍ നായര്‍, പി.എന്‍. മോഹനന്‍, ഈസ കാഞ്ഞാര്‍, അനീഷ് ചന്ദ്രന്‍, മുഹമ്മദ് മൗലവി, മുകേഷ് മോഹന്‍, കെ.ആര്‍. രാമചന്ദ്രന്‍, ഷിംല ബീവി, പി.ഇ.മുഹമ്മദ് ബഷീര്‍, ജോമോന്‍ താന്നിക്കല്‍, ജി. ഗോപകൃഷ്‌ണന്‍,കെ.എസ്.രാജ്‌മോഹന്‍, പ്രസന്നന്‍ പുള്ളിക്കല്‍, ആര്‍. അഖില്‍, മോഹനന്‍ മുല്ലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൂക്കുപാലം ബസ് സ്‌റ്റാന്റില്‍ നിന്നും ലൈബ്രറി ഗ്രൗണ്ടിലേക്ക് സപ്‌തതി സമാപന റാലി നടത്തും തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം.എം. മണി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ഡോ. ഡൊമിനിക് ജെ. കാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 6.30 ന് ചലചിത്ര താരം നെല്‍സണ്‍ ശൂരനാട് നയിക്കുന്ന തിരുവനന്തപുരം ഹാസ്യകലയുടെ കോമഡി തില്ലാന മെഗാഷോയും നടക്കും.