-->
കുമളി: തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് റേഷന്‍ അരി കടത്തുന്നത് തടയാന്‍ തമിഴ്‌നാട്- കേരള ഉദ്യോഗസ്‌ഥര്‍ കമ്പത്ത് യോഗം ചേര്‍ന്നു. ടണ്‍ കണക്കിന് റേഷനരിയാണ് ദിവസവും തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കെത്തുന്നത്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് കേരളത്തിലേക്ക് റേഷന്‍ അരി കടത്തുന്നത് തടയാന്‍ നടപടിയെടുക്കുകയെന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവരുന്ന റേഷനരി കുറഞ്ഞ വിലയില്‍ വാങ്ങി വലിയ ലാഭത്തില്‍ വിറ്റഴിക്കുന്ന സംഘം കുമളി, വണ്ടിപ്പെരിയാര്‍ ടൗണുകളില്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. സപ്ലൈ ആന്‍ഡ് കണ്‍സ്യൂമര്‍ പ്ര?ട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സപ്ലൈസ് സി.ഐ.ഡി. വിഭാഗം, കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സംയുക്‌തയോഗമാണ് കമ്പം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. തേനി ജില്ലാ സപ്ലൈ ഓഫീസര്‍ നല്ലയ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റേഷന്‍ അരി കടത്ത് തടയാന്‍ ഇരു സംസ്‌ഥാനങ്ങളുടെയും അതിര്‍ത്തികളിലെ ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന കര്‍ശനമാക്കും.
സംശയാസ്‌പദമായ വാഹനങ്ങള്‍, വ്യക്‌തികള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരു സംസ്‌ഥാനങ്ങളിലെയും ഉദ്യോഗസ്‌ഥര്‍ പരസ്‌പരം കൈമാറാനും അതിര്‍ത്തി പ്രദേശങ്ങളില്‍ സംയുക്‌ത പരിശോധന നടത്തുമ്പോള്‍ പരസ്‌പരം സഹകരിക്കാനും സഹായിക്കാനും തീരുമാനമായി. കുറ്റവാളികളെ പിടികൂടുന്നത് സംബന്ധിച്ചു തീരുമാനങ്ങളുണ്ടായി. ഒളിവില്‍ പോയ കുറ്റവാളികളെ പിടികൂടാന്‍ കേരളത്തിലും തമിഴ്‌നാട്ടിലും വാറണ്ട് നടപ്പാക്കാനും ഇരു സംസ്‌ഥാനങ്ങളിലെയും ഉദ്യോഗസ്‌ഥര്‍ സഹകരിക്കും. റേഷന്‍ അരി വാങ്ങുന്നവരില്‍ ഭൂരിഭാഗവും കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. അതിനാല്‍ ഇത്തരക്കാരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനും അവരെ പിടികൂടാന്‍ തമിഴ്‌നാട് പോലീസിനെ സഹായിക്കാനും കേരള ഉദ്യോഗസ്‌ഥര്‍ മുന്നോട്ട് വരണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി.
കമ്പംമെട്ട് ഇന്‍സ്‌പെക്‌ടര്‍ രമേശ്, ഉത്തമപാളയം ഫുഡ് സെല്‍ എസ്.ഐ. ലത, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ മോഹന്‍ മുനിയാണ്ടി (ഉത്തമപാളയം), രാമരാജ് (പെരിയകുളം), ഇന്ദിര (തേനി), കാസിനാഥന്‍ (ആണ്ടിപ്പട്ടി), പീരുമേട് ടി.എസ്.ഒ റെജി തോമസ്, ഉടുമ്പന്‍ചോല ടി.എസ്.ഒ റോയ് തോമസ്, ഗണേശന്‍ തുടങ്ങി തമിഴ്‌നാട്, കേരള സംസ്‌ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്‌ഥര്‍ യോഗത്തില്‍ പങ്കെടുത്തു.