-->
നാടകരംഗത്തിന്റെ ചരിത്രം ശ്വാസമായി സ്വീകരിച്ച രണ്ട് മഹാപ്രതിഭകള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒരേ അരങ്ങില്‍ ഒന്നിക്കുന്നു. മലയാള നാടകസിനിമ ലോകത്തെ കരുത്തുറ്റ സാന്നിധ്യങ്ങളായ സരസ ബാലുശേരിയും മുഹമ്മദ് പേരാമ്പ്രയും ബാലുശേരിയില്‍ നടന്ന ഒരു ഹ്രസ്വചിത്രത്തിന്റെ സെറ്റില്‍ ഒരുമിച്ചെത്തിയതോടെ രൂപപ്പെട്ടത് അപൂര്‍വമായൊരു കലാമുഹൂര്‍ത്തമാണ്.
അരങ്ങിലെ ഇതിഹാസങ്ങള്‍
മലബാറിലെ ആദ്യകാല നാടകനടിമാരിലൊരാളായ സരസ ബാലുശേരി 1962ല്‍ ബാലുശേരി ഗണേശ് കലാസമിതിയിലൂടെയാണ് കലാജീവിതം തുടങ്ങിയത്. അമേച്വര്‍ നാടകങ്ങളില്‍ നിന്ന് പ്ര?ഫഷണല്‍ നാടകവേദിയിലേക്ക് വളര്‍ന്ന അവര്‍ ഉയരും ഞാന്‍ നാടാകെ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിലൂടെ സിനിമാ ലോകത്തും വിസ്‌മയമായി.
സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നിരവധി സംസ്‌ഥാനദേശീയ പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. നാടകവും ജീവിതവും തമ്മില്‍ വേര്‍തിരിക്കാനാവാത്ത വിധം കലയെ പ്രണയിച്ച കലാകാരനാണ് മുഹമ്മദ് പേരാമ്പ്ര. നാടകവേദിയില്‍ നിന്ന് മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങള്‍ കരസ്‌ഥമാക്കിയ അദ്ദേഹം മമ്മൂട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. കഥാപാത്രങ്ങളെ ആത്മാവിലേക്ക് ആവാഹിക്കുന്ന അദ്ദേഹത്തിന്റെ അഭിനയശൈലി ഇന്നും നാടകപ്രേമികള്‍ക്കിടയില്‍ ആവേശമാണ്.
നിരവധി അവാര്‍ഡുകള്‍ നേടിയ ഷിജിത് പേരാമ്പ്ര സംവിധാനം ചെയ്ുന്ന റ്റയാറ്റാ എന്ന ഹ്രസ്വചിത്രത്തിന് വേണ്ടിയാണ് ഈ രണ്ട് ഇതിഹാസങ്ങള്‍ വീണ്ടും ഒന്നിച്ചത്. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയും ആത്മവിശ്വാസത്തോടെയും ഇരുവരും സെറ്റില്‍ സജീവമായപ്പോള്‍, പുതുതലമുറയ്‌ക്ക് അതൊരു അഭിനയപാഠശാലയായി മാറി.
മികച്ച കലാകാരനായ ദിലീപ് ഹരിതവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മറ്റു കഥാപാത്രങ്ങളെ നാട്ടുകാര്‍ തന്നെയാണ് അവതരിപ്പിക്കുന്നത് എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ രണ്ട് കലായുഗങ്ങള്‍ വീണ്ടും ഒന്നിക്കുന്നത് ബാലുശേരിക്ക് മാത്രമല്ല, മലയാള കലാചരിത്രത്തിന് തന്നെ അഭിമാന നിമിഷമായി മാറുകയാണ്.
കരുണന്‍ വൈകുണ്‌ഠം
ബാലുശേരി