-->
മാന്നാര്‍: ചെന്നിത്തലയില്‍ 25 പവന്‍ സ്വര്‍ണവും ലാപ്‌ടോപ്പ് അടക്കം വിലപിടിപ്പുള്ള ഉപകരണങ്ങളും മോഷണം പോയി. ചെന്നിത്തല അഞ്ചാം വാര്‍ഡില്‍ വലിയ വീട്ടില്‍ ഷാരോണ്‍ വില്ലയില്‍ ജോസ്-ഏലിയാമ്മ ദമ്പതികളുടെ വീട്ടിലാണു മോഷണം നടന്നത്. കുടുംബമായി ഇവര്‍ യു.കെയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുന്‍പ് നാട്ടില്‍ വന്നതാണ്. കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. രാത്രിയില്‍ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.
മുന്‍ വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്‌ടാക്കള്‍ അകത്ത് കയറിയത്. മുന്‍വശത്തെ പ്രധാന വാതിലിന് മുന്നിലെ ഇരുമ്പ് ഗേറ്റ് പൂട്ടിയിരുന്ന താഴ് അറുത്ത് മാറ്റിയ നിലയിലാണ്. വീടിനുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്‌ടാക്കള്‍ അപഹരിച്ചത്. 25 പവന്‍ സ്വര്‍ണം ലാപ്‌ടോപ് പാസ്‌പോര്‍ട്ട് അടക്കം വിലപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരുന്ന ബാഗ്, ഇന്ത്യന്‍ വിപണിയില്‍ 30,000 രൂപ വരുന്ന 25 യു.കെ. പൗണ്ട് എന്നിവ മോഷണം പോയതായി കണക്കാക്കുന്നതായി ഉടമ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
വീടിനുള്ളില്‍ കടന്ന മോഷ്‌ടാക്കള്‍ അലമാര കുത്തിപ്പൊളിച്ചശേഷം അതിനുള്ളിലെ ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണം കവര്‍ന്നത്. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന ആള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ വന്നപ്പോള്‍ ഗേറ്റും കതകും തുറന്ന് കിടക്കുന്നത് കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആലപ്പുഴയില്‍ നിന്നെത്തിയ ഫിംഗര്‍ പ്രിന്റ് എക്‌സ്പര്‍ട്ട് പ്രതിഭ, സോബി, ഫോട്ടോഗ്രാഫര്‍ രണതീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി. വീടിനുളളില്‍നിന്ന് മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഏകദേശം ഒരു കിലോമീറ്ററോളം ഓടി മാന്നാര്‍ മാവേലിക്കര സംസ്‌ഥാന പാതയിലെത്തി നിന്നു. മോഷണം നടത്തിയ ശേഷം മോഷ്‌ടാക്കള്‍ മെയിന്‍ റോഡിലെത്തി വാഹനത്തില്‍ കയറി കടന്നു കളഞ്ഞതായിട്ടാണ് സംശയം. വീടിനുള്ളിലെ അലമാരകള്‍ എല്ലാം തുറന്ന് മുറിയില്‍ വാരി വലിച്ചിട്ട നിലയിലാണ്. മോഷ്‌ടാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.