-->
പന്തളം : ജില്ലയിലെ വെറ്റില കര്‍ഷകരുടെ ആശയും ആവേശവുമായിരുന്നു പന്തളം കുറുന്തോട്ടയം ചന്ത .നേരം ഇരുട്ടി വെളുക്കും മുന്‍പേ ഇവിടേക്ക് തലചുമടില്‍ വെറ്റിലയുമായി കര്‍ഷകര്‍ എത്തുന്ന കാലം ഉണ്ടായിരുന്നു.ഈ ചുമടുകള്‍ പിന്നീട് വാഹനങ്ങള്‍ ഏറ്റെടുത്തെങ്കിലും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നത് പന്തളം ചന്ത തന്നെ ആയിരുന്നു.അതിനാല്‍ മാര്‍ക്കറ്റ് ചരിത്രം പഴമകാര്‍ക്ക് ഓര്‍മ്മയുണ്ടാവും. വെറ്റില വ്യാപാരത്തിലാണ് മാര്‍ക്കറ്റ് ഏറെ അറിയപ്പെട്ടിരുന്നതെങ്കിലും ഇവിടെ കന്നുകാലി ചന്ത വരെ പ്രവര്‍ത്തിച്ചിരുന്നു. എം.സി റോഡിന്റെ ഓരം ചേര്‍ന്നായിരുന്നു മാര്‍ക്കറ്റ്, രണ്ട് പതിറ്റാണ്ടിന് മുന്‍പ് മാര്‍ക്കറ്റ് ജംഗ്‌ഷന് പടിഞ്ഞാറോട്ട് മാറ്റിസ്‌ഥാപിച്ചു.
മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന ഇടത്ത് സ്വകാര്യ ബസ് സേ്‌റ്റഷന്‍ വന്നു. ഇതോടെ മാര്‍ക്കറ്റിന്റെ അവസ്‌ഥ ദയനീയമായി. അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതാണ് തകര്‍ച്ചയ്‌ക്ക് പ്രധാന കാരണം. മാര്‍ക്കറ്റിന്റെ വളര്‍ച്ച താഴേക്കായി. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ നടന്നിരുന്ന ആഴ്‌ച ചന്തയിലേക്ക് കര്‍ഷകരുടെ വരവ് കുറഞ്ഞു. മുന്‍പ് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പന്തളത്ത് എത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും വെറ്റില വാങ്ങാന്‍ കച്ചവടക്കാര്‍ എത്തിയിരുന്നു.
ഇപ്പോള്‍ ആകെ ഒരു പച്ചക്കറി കട , മത്സ്യഫെഡ് സ്‌റ്റാള്‍, ഇറച്ചികട, നിലത്തിരുന്ന് കച്ചവടം നടത്തുന്ന ചിലര്‍ ഇതിലൊതുങ്ങി പന്തളം ചന്ത. മാര്‍ക്കറ്റ് നവീകരണം എന്ന ആശയം പല ഘട്ടങ്ങളിലും നടത്താന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു.
2022-23 വര്‍ഷത്തില്‍ പ്രോജക്‌ട് തയ്യാറാക്കി, 9 കോടി തുക വരുന്ന പദ്ധതി , രൂപരേഖ ആര്‍ക്കിടെക് അശോക് ചുരുളിക്കല്‍ തയ്യാറാക്കിയിരുന്നു. ഇത് പിന്നീട് ഇഴയുന്നതാണ് കണ്ടത്. നഗരസഭ പിന്നീട് പുതിയ പദ്ധതിയുമായി വന്നു. പന്തളത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെ മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന പ്രോജക്‌ട്. മാര്‍ക്കറ്റ്, സ്വകാര്യ ബസ് സേ്‌റ്റഷന്‍, ചാല്‍ നവീകരണം, ബോട്ടിംഗ്, ഷോപ്പിംഗ് കോപ്ലക്‌സ്, ഷീ - ലോഡ്‌ജ് , മാര്‍ക്കറ്റില്‍ മാത്രം പച്ചക്കറി ,മല്‍സ്യം, മാംസം എന്നിവയ്‌ക്ക് പ്രത്യേക ഇടം, മുകളില്‍ രണ്ട് സപ്ലെ കോ മാര്‍ക്കറ്റുകള്‍, ബിവറേജ് ഔട്ട്‌ലെറ്റ് ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍, ഓരോന്നിനും പ്രത്യേക തയ്യാറാക്കല്‍, ഹാബിറ്റാറ്റ് സൈറ്റ് പ്രോജക്‌ട് തയ്യാറാക്കിയ ശേഷം കേന്ദ്ര മന്ത്രിക്കും സംസ്‌ഥാന ഫിഷറീസ് മന്ത്രിയ്‌ക്കും സമര്‍പ്പിച്ചു.
25 വര്‍ഷം കൊണ്ട് തിരിച്ചടവുള്ള ബാങ്ക് വായ്‌പ . പദ്ധതി ബഹുദൂരം സഞ്ചരിച്ചു എങ്കിലും യാഥാര്‍ത്ഥ്യമായില്ല. കക്ഷി ബന്ധങ്ങള്‍ മറന്ന് കൂട്ടായ ചര്‍ച്ചയിലൂടെ പദ്ധതി നടപ്പിലാക്കാന്‍ കഴിയും. നാടിന്റെ നന്മയാവണം ലക്ഷ്യം.