-->
കോട്ടയം: എം.സി. റോഡ് നാലുവരി പാതയായി മാറും. ബജറ്റില്‍ പ്രഖ്യാപിച്ച റോഡ് വികസനം യാഥാര്‍ഥ്യമായാല്‍ കോട്ടയത്തിന്റെ തലവര തന്നെ മാറും. നിലവിലെ വാഹന ബാഹുല്യം താങ്ങാനുള്ള ശേഷി എം.സി. റോഡിനില്ല. ജില്ലയിലെ ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറവിലങ്ങാട് എന്നിങ്ങനെ ജില്ലയിലെ പ്രധാന പട്ടണങ്ങള്‍ തൊട്ടാണ് എം.സി റോഡ് കടന്നു പോകുന്നത്. രാവിലെയും വൈകിട്ടും വാഹന തിരക്കു കാരണം ബ്ലോക്കില്‍ കിടക്കേണ്ട അവസ്‌ഥയാണു യാത്രക്കാര്‍ക്കുള്ളത്. മുന്‍പു റോഡ് വീതി കൂട്ടി ദേശീയപാതാ നിലവാരത്തില്‍ പുനര്‍നിര്‍മിച്ചിരുന്നെങ്കിലും പലയിടത്തും ഗതാഗതക്കുരുക്കു രൂക്ഷമാണ്. അശാസ്‌ത്രീയ നിര്‍മാണം കാരണം അപകടങ്ങളും ഏറെ ഉണ്ടാകുന്നു.
ദേശീയ പാത 66 ന്റെ വികസനത്തിന്റെ ഭാഗമായി ഭാരവാഹനങ്ങള്‍ ഉള്‍പ്പടെ എം.സി. റോഡു വഴിയാണു കടുന്നു പോകുന്നത്. ഇതു നിലവിലുള്ള വാഹന തിരക്ക് ഇരട്ടിയാക്കുന്നു.
കണ്ടെയ്‌നര്‍ ലോറികളും മറ്റു ഭാര വാഹനങ്ങളും കൂടി എം.സി റോഡിലേക്കു പ്രവേശിക്കുന്നതോടെ ചെറുവാഹനങ്ങള്‍ക്കു ദുരിതമാണ്. ഇതു അപകടങ്ങള്‍ ഇരട്ടിക്കാനും കാരണമായിട്ടുണ്ട്. നാലുവരിയായി വികസിപ്പിക്കുക എന്നത് ഏറെക്കാലത്തെ ആവശ്യമാണ്. 24 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തിലാകും എം.സി റോഡ് പുനര്‍നിര്‍മിക്കുക. ഇതിലേക്ക് അടിസ്‌ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു പണം സമാഹരിക്കുന്ന കേരള സര്‍ക്കാരിന്റെ ഔദ്യേഗിക ഏജന്‍സിയായ കിഫ്‌ബി ഴി 5,217 കോടി രൂപ ഒന്നാം ഘട്ടത്തിനായി വകയിരുത്തുമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്‌തമാക്കിയത്. ഇതു നാലുവരിയായി വികസിപ്പിച്ചാലും ഭാവിയില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയും ഉയര്‍ത്തുന്നു. അതേസമയം പദ്ധതിക്കായുള്ള സ്‌ഥലമേറ്റെടുപ്പ് വെല്ലുവിളിയാണ്.