Wednesday, March 11, 2026 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.21 AM

റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നു വിമര്‍ശം

കോട്ടയം: സംസ്‌ഥാന ബജറ്റില്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നു വിമര്‍ശം. റബറിന്റെ തറവില വര്‍ധിപ്പിക്കുമെന്നു കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നല്‍, ആശ്വാസ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നു ചെറുകിട കര്‍ഷക ഫെഡറേഷന്‍ വിമര്‍ശിക്കുന്നു.
കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്‌ഥയുടെ നട്ടെല്ലായ റബര്‍ കൃഷിക്കു വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ബജറ്റിലുണ്ടെന്നു എല്‍.ഡി.എഫ്‌ അനുകൂല സംഘടനകള്‍ വാദിക്കുന്നു. റബര്‍ കര്‍ഷകര്‍ക്ക്‌ ആശ്വാസം റബര്‍ ഉല്‍പ്പാദന ബോണസ്‌ തുകയില്‍ വര്‍ധനവു വരുത്തി. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിട്ടും കര്‍ഷകരെ ചേര്‍ത്തുപിടിക്കാനാണു സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.
റബര്‍ വിലയിടിവു നേരിടുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക്‌ ഈ തീരുമാനം വലിയൊരു പിന്തുണയാകുമെന്നാണ്‌ എല്‍.ഡി.എഫ്‌ നേതാക്കള്‍ പറയുന്നത്‌.
കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ റബിന്റെ താങ്ങുവില കിലോഗ്രാമിന്‌ 200 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പ്രഖ്യാപനങ്ങളിലാണു റബര്‍ താങ്ങുവില വര്‍ധനയും ഉള്‍പ്പെടുത്തിയത്‌. നേരത്തേ ഇത്‌ 180 രൂപയായിരുന്നു. എന്നാല്‍, പ്രഖ്യാപനം കര്‍ഷകര്‍ക്കു വേണ്ടത്ര ഗുണം ചെയ്‌തില്ല. കേരളത്തിലെ കര്‍ഷകരില്‍ 30 ശതമാനം മാത്രമാണു ഷീറ്റ്‌ തയാറാക്കുന്നത്‌. 55 ശതമാനം കര്‍ഷകരും ലാറ്റക്‌സായി റബര്‍ വില്‍ക്കുകയാണ്‌. 15 ശതമാനം കര്‍ഷകര്‍ കപ്പ്‌ ലംബായി റബര്‍ വില്‍ക്കുന്നു. ലാറ്റക്‌സ് വില്‍ക്കുന്നവര്‍ക്കു വിലസ്‌ഥിരതാ പദ്ധതിയില്‍നിന്നു കാര്യമായ സാമ്പത്തിക നേട്ടമില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ്‌ 150 രൂപയില്‍ നിന്നു റബര്‍ വില 170 രൂപയയായി ഉയര്‍ത്തുന്നത്‌. പിന്നീട്‌ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ 2024- 25 ബജറ്റില്‍ താങ്ങുവില പത്തുരൂപ കൂട്ടി 180 രൂപയില്‍ എത്തിച്ചു. ഒടുവിലാണു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പായി വില 200 രൂപയായി ഉയര്‍ത്തിയത്‌. എന്നാല്‍, റബറിനു വില ശരാശരി 180 മുതല്‍ 200 രൂപവരെ കിട്ടുന്നതുകൊണ്ടു പദ്ധതിയില്‍ ചേരാന്‍ പോലും പല കര്‍ഷകരും തയാറായിട്ടില്ല.
ഇനി കേന്ദ്ര ബജറ്റിലാണു കര്‍ഷകരുടെ പ്രതീക്ഷ. ഇറക്കുമതി വര്‍ധിപ്പിച്ചു വന്‍കിട വ്യവസായികളെ സഹായിക്കുന്ന നയമാണു സമീപകാലത്തു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ഈ നയം തിരുത്തി താങ്ങുവില വര്‍ധിപ്പിക്കുമെന്നു കര്‍ഷകര്‍ക്കു പ്രതീക്ഷയുണ്ട്‌.

Ads by Google
Advertisement
Friday 30 Jan 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW