-->
ചെറുതോണി: മട്ടുപ്പാവില്‍ വ്യത്യസ്‌ത ഇനം പച്ചക്കറി വിളയിച്ച് നാടിന് മാതൃകയാ വുകയാണ് ഇടുക്കി ഡാം ടോപ്പ് സ്വദേശിനിയും അധ്യാപികയുമായ ഞാവള്ളില്‍ രഞ്‌ജു ടോമിയും കുടുംബവും. വിഷം കലര്‍ന്ന കീടനാശിനികള്‍ക്ക് വിട നല്‍കി പ്രകൃതി സൗഹൃദ കൃഷിയിലേക്ക് മാറിയാണ് ഈ കുടുംബം മട്ടുപ്പാവ് കൃഷിയില്‍ നേട്ടം കൊയ്‌തത്.
കാഞ്ചിയാര്‍ സെന്റ് മേരിസ് യു.പി സ്‌കൂള്‍ അധ്യാപികയായ രഞ്‌ജു ടോമിയും മക്കളായ അമേലിനും ഇസബല്ലയും ചേര്‍ന്നാണ് മട്ടുപ്പാവ് കൃഷി ഒരുക്കിയത്. രണ്ടുവര്‍ഷമായി ജൈവ കൃഷിയില്‍ സജീവമായ ഇവര്‍ വീടിന്റെ മട്ടുപ്പാവിലാണ് കൃഷി ചെയ്യുന്നത്. ലിറ്റൂസ്, പച്ചമുളക്, കാബേജ്, വഴുതന, ബ്രോക്കോളി, തക്കാളി, കെയ്‌ന്‍ എന്നിവ അടക്കം വിവിധ ഇനം പച്ചക്കറികളാണ് ജൈവ രീതിയില്‍ ഇവിടെ വളര്‍ത്തുന്നത്. കീടനാശിനികളും രാസവളങ്ങളും പൂര്‍ണമായും ഒഴിവാക്കി, സ്വാഭാവിക വളങ്ങളും ജൈവ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി മുന്നോട്ട് പോകുന്നത്. വീട്ടാവശ്യം കഴിഞ്ഞ ശേഷം മറ്റുള്ളവര്‍ക്കും ഈ വിഷമുക്‌ത പച്ചക്കറികള്‍ ഇവര്‍ വിതരണം ചെയ്യുന്നു.
രണ്ടുവര്‍ഷമായി തുടരുന്ന ജൈവകൃഷിയില്‍ വിളവിലും ഗുണനിലവാരത്തിലും മികച്ച ഫലമാണ് ലഭിച്ചതെന്ന് ഈ കുടുംബം പറയുന്നു. വിഷമുക്‌ത ഭക്ഷണത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും മറ്റുള്ളവര്‍ക്ക് മാതൃകയാകാനും ഇവരുടെ ജൈവ കൃഷി ശ്രമം സഹായകരമാകുകയാണ്. വിഷമില്ലാത്ത കൃഷിയിലൂടെ ആരോഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കുന്ന ഈ കുടുംബത്തിന്റെ ശ്രമങ്ങള്‍ നാടിന് തന്നെ മാതൃക ആവുകയാണ്. ഇവരുടെ ജൈവകൃഷി കാണുന്നതിനും പഠിക്കുന്നതിനും കുട്ടികളും വീട്ടമ്മമാരും എത്തുന്നുണ്ട്.