-->
കൊച്ചി: വൈറ്റില ജങ്‌ഷനിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
ദേശീയപാതാ പ്രോജക്‌റ്റ് ഡയറക്‌ടറും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെയും ട്രാഫിക് അസിസ്‌റ്റന്റ് കമ്മിഷണറുടെയും സഹകരണത്തോടെ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
മേല്‍പ്പാലത്തിന് താഴെയുള്ള വീതിയേറിയ ഡിവൈഡറിന്റെ വീതികുറച്ച് ലഭ്യമാകുന്ന അധികസ്‌ഥലം വാഹനങ്ങള്‍ക്കായി നീക്കി വയ്‌ക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
തൃപ്പുണിത്തുറ, അരൂര്‍, വൈറ്റില ഭാഗങ്ങളില്‍ നിന്ന് പാലാരിവട്ടത്തേക്ക് പോകുന്ന റോഡിലുള്ള പോലീസ് വാച്ച് ടവര്‍ വാഹനഗതാഗതത്തിന് തടസമാകുമെന്നതിനാല്‍ അതു പൊളിച്ച് സഹോദരന്‍ അയ്യപ്പന്‍ റോഡിന്റെ ഭാഗത്തേക്ക് മാറ്റേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ മൂന്ന് വഴികളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക് സിഗ്നലില്‍ കാത്തിരിപ്പ് സമയം കുറയ്‌ക്കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇന്ധനലാഭത്തിനായി എല്ലാ ട്രാഫിക് സിഗ്നലുകളിലും കൗണ്ട് ഡൗണ്‍ ടൈമര്‍ സ്‌ഥാപിക്കുന്ന കാര്യത്തില്‍ ട്രാഫിക് പോലീസും ആര്‍.ടി.ഒ. യുമായി കൂടിയാലോചിച്ച് ജില്ലാ പോലീസ് മേധാവി (കൊച്ചി സിറ്റി) നടപടിയെടുക്കണമെന്നും ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
മീഡിയനുകളുടെ വീതി കുറച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് പൊതുമരാമത്ത് വകുപ്പ് പരിശോധിക്കണം. ഉണ്ടെങ്കില്‍ നിലവിലെ സ്‌ഥിതി എന്താണെന്ന് വ്യക്‌തമാക്കണം.
ഇടപ്പള്ളി വൈറ്റില-അരൂര്‍ ദേശീയപാതാ 66 ന്റെ ഉടമസ്‌ഥാവകാശം ദേശീയപാതാ അതോറിറ്റിയില്‍ നിക്ഷിപ്‌തമാണെങ്കില്‍ വൈറ്റില ജംഗ്‌ഷനിലെ കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വൈറ്റില ജംഗ്‌ഷനിലെ ട്രാഫിക് സിഗ്നല്‍ ഒഴിവാക്കി യു ടേണ്‍ സംവിധാനം നടപ്പാക്കിയാല്‍ തിരക്ക് കുറയ്‌ക്കാന്‍ കഴിയുമോ എന്നും പരിശോധിക്കണം.
ഗതാഗതകുരുക്ക് ഒവിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ സംയുക്‌തമായി കൂടിയാലോചനകളിലൂടെ നടപടിയെടുക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ജനപ്രതിനിധികളുടെ അഭിപ്രായവും സ്വീകരിക്കണം. ആവശ്യമെങ്കില്‍ സംയുക്‌ത യോഗം ജില്ലാ പോലീസ് മേധാവി വിളിക്കണം.
ദേശീയപാതാ അതോറിറ്റി പ്രോജക്‌റ്റ് ഡയറക്‌ടര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ പോലീസ് മേധാവി (സിറ്റി), എറണാകുളം ആര്‍.റ്റി.ഒ. എന്നിവര്‍ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണം. പ്രോജക്‌റ്റ് ഡയറക്‌ടര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരുടെ പ്രതിനിധികളും ട്രാഫിക് അസിസ്‌റ്റന്റ് കമ്മീഷണറും ജോയിന്റ് ആര്‍.റ്റി.ഒയും മാര്‍ച്ച് 3 ന് രാവിലെ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്‌റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു.