-->
പെരുമ്പളം: പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്‌നം പൂവണിയുന്നു. ടൂറിസം വികസനത്തിന് ഉള്‍പ്പടെ അനന്തമായ സാധ്യതകള്‍ തുറന്നിടുന്ന പെരുമ്പളം പാലം അടുത്തമാസം അവസാനവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇപ്പോള്‍ത്തന്നെ ദ്വീപില്‍ ഹോംസ്‌റ്റേകളും മറ്റും ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയിലേക്ക് പെട്ടെന്ന് എത്തിച്ചേരാമെന്നതും ഗുണകരമാകും. കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും പാലം വഴിയൊരുക്കും. പാലം ഇപ്പോള്‍ തന്നെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിരിക്കുകയാണ്. ദീപവിതാനങ്ങളുടെയും പെയ്‌ന്റിങ്ങിന്റെയും രൂപകല്‍പ്പന പാലത്തിന് ചാരുത നല്‍കുന്നതാണ്. ഉദ്‌ഘാടനത്തിനുശേഷം ദ്വീപുമായി ബന്ധിപ്പിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിന് കെ.എസ്.ആര്‍.ടി. സി പദ്ധതി ആരംഭിച്ചുകഴിഞ്ഞു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍നിന്ന് പെരുമ്പളം ദ്വീപ് വഴി വൈക്കം പൂത്തോട്ട തൃപ്പൂണിത്തുറ സംസ്‌ഥാനപാതയെ ബന്ധിപ്പിക്കുന്ന ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്‌തിരിക്കുന്നത്.
ഒറ്റപ്പെട്ടു കിടന്നിരുന്ന പെരുമ്പളത്തിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാണ് ഉണ്ടാകുന്നത്. നിര്‍മാണം പൂര്‍ത്തിയായ പാലത്തിലേക്കുള്ള ഇരുകരകളിലെയും അപ്രോച്ച് റോഡുകളുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് മുന്‍പ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. സംസ്‌ഥാനത്ത് കായലിലെ ഏറ്റവും നീളം കൂടിയ പാലമായി പെരുമ്പളം മാറും. ഗതാഗതം സജ്‌ജമാകുന്നതോടെ പെരുമ്പളം ദ്വീപ് വികസനത്തിന്റെ പുതിയ കേന്ദ്രമായി മാറും.ഏകദേശം 12,000 പേര്‍ താമസിക്കുന്ന ആറ് ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള ദ്വീപിലേക്ക് കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.