-->
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ ധനമന്ത്രി കെ.എന്‍. ബാലഗോ പാല്‍ അവതരിപ്പിച്ച സംസ്‌ഥാന ബജറ്റില്‍ ആലപ്പുഴയ്‌ക്ക് പ്രത്യേക പദ്ധതികളില്ല. ജില്ലയ്‌ക്ക് കാര്യമായ പരിഗണന പ്രതീക്ഷിച്ചെങ്കിലും മുമ്പ് പ്രഖ്യാപിച്ചവയുടെ ആവര്‍ത്തനങ്ങളാണ് ഏറെയും. വിനോദസഞ്ചാര മേഖലയ്‌ക്കും ബജറ്റില്‍ അവഗണനയാണുണ്ടായത്. തീരദേശമേഖലയേയും പരിഗണിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു. കുട്ടനാടിനായുള്ള പ്രഖ്യാപനങ്ങളില്‍ പലതും മുമ്പും ഉണ്ടായവയാണ്.
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന തരത്തിലുള്ള പദ്ധതികളാണ് ഇവയെന്ന് ആക്ഷേപമുണ്ട്. രണ്ടാം കുട്ടനാട് പാക്കേജും കയര്‍മേഖലക്കുള്ള ബജറ്റ് വിഹിതത്തിലെ നേരിയ വര്‍ധനവും മാത്രമാണ് ജില്ലയ്‌ക്ക് എടുത്തു പറയാവുന്ന നേട്ടങ്ങള്‍. കുട്ടനാട് മേഖലയുടെ സമഗ്ര വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ട്, രണ്ടാം കുട്ടനാട് പാക്കേജിനായി 75 കോടി രൂപ വകയിരുത്തി. വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ സംരക്ഷണത്തിനുമായി 181.57 കോടി. കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് 3.50 കോടി രൂപ അധികമായി ഉള്‍പ്പെടുത്തി വിഹിതം 60.50 കോടി രൂപയായി വര്‍ധിപ്പിച്ചു. കുട്ടനാട് മേഖലയിലെ വെളളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി തയാറാക്കുന്ന പ്രക്രിയ തുടങ്ങുന്നതിന് ആദ്യ ഘട്ടമായി 50 കോടി രൂപ വകയിരുത്തി.
തോട്ടപ്പള്ളി പദ്ധതിയുടെ വിവിധ പ്രവൃത്തികള്‍ക്കായി 5 കോടി രൂപ വകയിരുത്തി.കുട്ടനാട് മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനുള്ള നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി.തീരദേശ സംരക്ഷണത്തിനുള്ള ആര്‍.ഐ.ഡി.എഫ് പദ്ധതിക്ക് 15 കോടി രൂപ വകയിരുത്തി. നെല്ല് സംഭരിക്കുന്നതിന് നിലവിലെ പി.ആര്‍.എസ് വായ്‌പാ രീതി ഒഴിവാക്കി പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് സംഭരണ സമയത്ത് തന്നെ നേരിട്ട് പണം നല്‍കുന്ന പദ്ധതി നടപ്പിലാക്കും.
കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയും ഡിജിറ്റല്‍ പോര്‍ട്ടലിന്റെ മേല്‍നോട്ടത്തിലും വരാനിരിക്കുന്ന സീസണ്‍ മുതല്‍ തന്നെ ഈ പുതിയ സംവിധാനം നിലവില്‍ വരും. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടി രൂപ വകയിരുത്തി. കയര്‍ മേഖലയുടെ വിഹിതം 107.64 കോടി രൂപയില്‍ നിന്നും 110.64 കോടി രൂപയായി വര്‍ധിപ്പിച്ചു.
കയര്‍ വ്യവസായത്തിന്റെ ഉല്‌പാദനക്ഷമത വര്‍ധിപ്പിക്കുകയും മേഖലയെ നവീകരിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്കായി 20 കോടി രൂപ വകയിരുത്തി. ചകിരിച്ചോറിന്റെ വ്യാവസായികാടിസ്‌ഥാനത്തിലുള്ള സംസ്‌കരണവും വിപണനവും എന്ന പുതിയ പദ്ധതിക്കായി മൂന്ന് കോടി രൂപ വകയിരുത്തി. കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ഉല്‍പ്പാദനവും വിപണന പ്രചോദനവും (പി.എം.ഐ) എന്ന പദ്ധതിക്ക് 11 കോടി രൂപയും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി 7 കോടി രൂപയും കയര്‍, കയറുല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കുള്ള വിപണി വികസന സഹായമായി 10 കോടി രൂപയും വകയിരുത്തി.
കയര്‍ ഉല്‌പന്നങ്ങള്‍ക്ക് വില വ്യതിയാന സ്‌ഥിരതാ ഫണ്ടിനായി 36 കോടി രൂപ വകയിരുത്തി.കയര്‍ ഉല്‌പാദന സംഘങ്ങളുടെ പുന:ക്രമീകരണവും മാനേജീരിയല്‍ സബ്‌സിഡികളും 13.50 കോടി രൂപ വകയിരുത്തി.
ഉള്‍നാടന്‍ ജല ഗതാഗത വികസനത്തിനായി സംസ്‌ഥാന ജലഗതാഗത വകുപ്പിന് 33.11 കോടി രൂപ നീക്കിവെച്ചു. ജലഗതാഗതത്തിന്റെ പുതുക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഇന്ധനക്ഷമതയള്ളതുമായ പുതിയ വെസലുകള്‍ വാങ്ങുന്ന തിനുമുള്ള പദ്ധതിക്ക് 28.11 കോടി രൂപ വകയിരുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) മാതൃകയില്‍ ടൂറിസം വകുപ്പ് ആരംഭിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) സംസ്‌ഥാനത്ത് 14 സ്‌ഥലങ്ങളില്‍ നടത്തുന്നതിനായി 10.46 കോടി രൂപ വകയിരുത്തി. ഏറ്റവും കൂടുതല്‍ മത്സര വേദികള്‍ ആലപ്പുഴ ജില്ലയിലാകും. ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജിക്ക് (ഐ.എ.വി) ഉള്ള വിഹിതം 50 കോടിയില്‍നിന്നും 60 കോടി രൂപയായി വര്‍ധിപ്പിച്ചു.
കേപ്പിന്റെ കീഴിലുള്ള സ്‌ഥാപനങ്ങളിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനും നൈപുണ്യ വിജ്‌ഞാന വികസന കേന്ദ്രത്തിനും സാഗര ആശുപത്രിയുടെ നവീകരണത്തിനും ഇന്‍കുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആറ് കോടി രൂപ വകയിരുത്തി.കായംകുളത്ത് തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ സ്‌ഥിരം നാടക തീയേറ്റര്‍ നിര്‍മ്മിക്കാന്‍ നാടകഗൃഹം എന്ന പുതിയ പദ്ധതിക്കായി 85 ലക്ഷം വകയിരുത്തി.