-->
കോട്ടയം: നടക്കാന്‍ പോലും കഴിയാത്ത വിധം തകര്‍ന്ന റോഡില്‍ മലിനജലം, ദുര്‍ഗന്ധവും കൊതുകശല്യവും വേറെ, നഗരഹൃദയത്തില്‍ ചെല്ലിയൊഴുക്കം റോഡാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. മലിനജലത്തിലൂടെ വേണം യാത്രക്കാരും പ്രദേശത്തുള്ളവരും കടന്നുപോകാന്‍. ജനറല്‍ ആശുപത്രിയുടെ പിന്‍വശത്തെ റോഡ്, ബി.സി.എം കോളേജിന് പിന്‍വശത്തെ റോഡ്, ശീമാട്ടി റോഡ്, ബസേലിയേസ് കോളജ് ജങ്‌ഷനു സമീപത്ത് നിന്നും ശാസ്‌ത്രി റോഡിലേക്ക് പ്രവേശിക്കുന്ന റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് ചെല്ലിയൊഴുക്കം റോഡിലെ ഓടയിലേക്കാണ്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി സമീപവാസികള്‍ ഓടയ്‌ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്‌തതോടെ, കോണ്‍ക്രീറ്റ് സ്ലാബുകള്‍ തുറക്കാന്‍ കഴിയാതെയായി.
ഓടയില്‍ മണ്ണും മാലിന്യവും നിറഞ്ഞതോടെ, മലിന ജലമൊഴുക്കും തടസപ്പെട്ടു. ഇതോടെ, മലിനജലം റോഡിലേക്ക് ഒഴുകിയെത്തി വെള്ളക്കെട്ട് രൂപപ്പെടുകയാണ്.മഴക്കാലത്ത് ഇവിടെ പൂര്‍ണമായും വെള്ളക്കെട്ടിലാകുന്ന സ്‌ഥിതിയാണ്. സമീപകാലത്താണ് എന്‍.സി.സി ഓഫിസിന് മുന്നിലുള്ള റോഡ് ഇന്റര്‍ലോക്ക് പാകിയത്. ഇതും തകര്‍ന്ന നിലയിലാണ്.
വാട്ടര്‍അതോറിറ്റിയുടെ പൈപ്പുകള്‍ സ്‌ഥാപിക്കുന്നതിനാണു ചെല്ലിയൊഴുക്കം റോഡ് കുത്തിപ്പൊളിച്ചത്. ഇതുവരെ റീടാര്‍ ചെയ്‌ത് സഞ്ചാരയോഗ്യമാക്കിയില്ല.
വെയിലായാല്‍ പൊടി, മഴയായല്‍ വെള്ളക്കെട്ട് ഇതാണ് റോഡിന്റെ സ്‌ഥിതി. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പൈപ്പുകള്‍ സ്‌ഥാപിച്ച റോഡ് ഭാഗം മാത്രം റീടാര്‍ ചെയ്‌ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അധികൃതരും തടിതപ്പിയതായി പ്രദേശവാസികള്‍ പറയുന്നു.