-->
കട്ടപ്പന: ഇടുക്കി മണ്ഡലത്തിലെ കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി 14 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിനായി 1 കോടി രൂപ അനുവദിച്ചിരുന്നു.എന്നാല്‍ സ്‌കൂളിന്റെ പിന്‍ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കേണ്ടി വന്നതും ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികളും ചെയ്യേണ്ടി വന്നതിനാലാണ് കൂടുതല്‍ തുക അനുവദിച്ചത്.
സ്‌കൂള്‍ പി.ടി.എയും മാനേജ്‌മെന്റ് കമ്മിറ്റിയും വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നിര്‍മാണ പൂര്‍ത്തീകരണത്തിനായി 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്ന് തുക അനുവദിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. സ്‌കൂളിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം, മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനും സ്‌കൂള്‍ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സംരക്ഷണ ഭിത്തി അനിവാര്യമായിരുന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ വ്യക്‌തമാക്കി.
വാഴത്തോപ്പ്
ഗവ. എല്‍.പി. സ്‌കൂളിന്
21.60 ലക്ഷം അനുവദിച്ചു
ഇടുക്കി: വാഴത്തോപ്പ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 21.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. സ്‌കൂളിന്റെ സുരക്ഷയും അടിസ്‌ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.
ലഭ്യമായ തുക ഉപയോഗിച്ച് പ്രധാനമായും സ്‌കൂള്‍ അങ്കണത്തില്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം, ഭിന്നശേഷി സൗഹൃദമായ രീതിയിലുള്ള റാംപിന്റെ നിര്‍മാണം, സ്‌കൂളിലെ ശൗചാലയങ്ങളുടെ നവീകരണം എന്നിവയാണ് നടപ്പിലാക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. സ്‌കൂള്‍ പി.ടി.എ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയും ഇത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ ഇടപെടലിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിനായിരിക്കും നിര്‍മാണ ചുമതല. സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.