-->
ആലപ്പുഴ: 50-ാം ജൂനിയര്‍ സ്‌റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2026 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്‌ഥാനം നേടിയ ആലപ്പുഴ ജില്ലാ ടീമില്‍ നിന്ന് നാലുപേര്‍ സംസ്‌ഥാന പരിശീലന ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. സുഭദ്ര ജയകുമാര്‍, തേജസ് തോബിയാസ്, അഞ്‌ജു എ. ജോസഫ്, ഗംഗ രാജഗോപാല്‍ (സ്‌റ്റാന്‍ഡ് ബൈ) എന്നിവരാണവര്‍. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ബോബിറ്റ് മാത്യു അവാര്‍ഡ് സുഭദ്ര കരസ്‌ഥമാക്കി. കളിക്കിടയില്‍ സുഭദ്രയുടെ വലതു കൈക്ക് പരുക്കേറ്റിരുന്നു. ഗംഗയായിരുന്നു ക്യാപ്‌റ്റന്‍.
ടീമിലുണ്ടായിരുന്ന മറ്റുള്ളവര്‍: ശിവാനി അജിത്, അനീഷ ഷിബു, മനീഷ മനോജ്, മീനാക്ഷി എ, നിള ശരത്, നാദിയാ നവാസ്, സല്‍മ നൗറിന്‍, ലയ മില്‍ട്ടന്‍. കോച്ച് എസ്. ഷഹബാസിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിലുടനീളം ആലപ്പുഴ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ കോട്ടയം ജില്ലയേയും സെമി ഫൈനലില്‍ കണ്ണൂരിനെയും പരാജയപ്പെടുത്തിയാണ് ആലപ്പുഴ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ കോഴിക്കോടിനെതിരെ ശക്‌തമായ പോരാട്ടം കാഴ്‌ചവെച്ച് രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കുകയായിരുന്നു. സ്‌കോര്‍: 64 - 54. നീബ നവാസായിരുന്നു മാനേജര്‍. ഇതേസമയം, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അക്ഷയ് അലക്‌സും ആലപ്പുഴയില്‍ നിന്ന് സംസ്‌ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പാലാ അല്‍ഫോന്‍സാ കോളജ്, മേരി മാതാ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍.
നീണ്ടവര്‍ഷങ്ങള്‍ക്ക് ശേഷം നേട്ടം കൈവരിച്ച ടീമിനെ ആലപ്പി ഡിസ്‌ട്രിക്‌റ്റ് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ അഭിനന്ദിച്ചു. പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോണ്‍ ജോര്‍ജ്, പി.ആര്‍.ഒ തോമസ് മത്തായി കരിക്കംപള്ളില്‍, ബിബു പുന്നൂരാന്‍, പരിശീലകരായ ബിനു, സുഭാഷ്, നരേഷ്, നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.