Wednesday, March 11, 2026 Last Updated 30 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.46 AM

കൃഷി ഓര്‍മയാവാതിരിക്കാന്‍ നഷ്‌ടം സഹിച്ചും കര്‍ഷകര്‍

uploads/news/2026/01/822862/4.jpg

പന്തളം: കാര്‍ഷിക ഗ്രാമം പന്തളം, ജില്ലയുടെ നെല്ലറ കരിങ്ങാലി പാടശേഖരവും,ഇതൊക്കെ പഴയ കഥ.ഇന്ന്‌ പാടശേഖരങ്ങള്‍ തരിശായി,വിളവും പോയി.പഴയ കാല കാര്‍ഷിക ഓര്‍മ്മകള്‍ അയവിറക്കാന്‍ മാത്രമേ ഇന്ന്‌ കഴിയുന്നുള്ളു.കാലയവനികയ്‌ക്കുള്ളില്‍ മാഞ്ഞുപോകാതെ ഇന്നും കരിങ്ങാലി പാടശേഖരത്ത്‌ പച്ചപ്പുണ്ട്‌. കുത്താറ്റ കിളികളും, ദേശാടന കിളികളും ഇപ്പോഴും മുറ തെറ്റാതെ എത്തുന്നു.
പന്തളത്തിന്റെ കര്‍ഷക സമ്പത്താണ്‌ കരിങ്ങാലി പാടശേഖരം. കാളയും കലപ്പയും മാത്രമുണ്ടായിരുന്ന കാലം. ഞാറ്റു പാട്ടിന്റെയും, കൊയത്ത്‌ പാട്ടിന്റെ ശീലുകള്‍ ഉയര്‍ന്നിരുന്ന കാലം പോയ്‌മറഞ്ഞു. യന്ത്രവല്‍ക്കരണത്തിന്റെ കാലം എത്തി. എന്നിട്ടും കരിങ്ങാലി പാടശേഖരങ്ങള്‍ തരിശ്‌ കിടന്നു. ചേറ്റിന്റെ ഗന്ധം പോയി മറഞ്ഞു. പിന്നിട്‌ എപ്പഴോ കൃഷിയുടെ പ്രാധാന്യം മനസിലാക്കിയ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ പദ്ധതികളൊരുക്കി.
കരിങ്ങാലി പാടത്തിന്റെ നന്മ കണ്ടറിഞ്ഞിട്ടുള്ള ചെറുപ്പക്കാര്‍ പാടശേഖര സമിതികള്‍ രൂപീകരിച്ചു. അത്തരത്തില്‍ പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ മുതല്‍ വീണ്ടും കരിങ്ങാലി പുഞ്ചയില്‍ വിയര്‍പ്പൊഴുക്കാന്‍ തുടങ്ങി. കൃഷിയുടെ അന്തസ്‌ അവര്‍ കാക്കാന്‍ തുടങ്ങി. കരിങ്ങാലി പാടശേഖരം പന്തളം നഗരസഭയില്‍ ആയിരം ഏക്കറിലധികം വരും. ആലപ്പുഴ ജില്ലയില്‍ പാലമേല്‍ , നുറനാട്‌ ഗ്രാമ പഞ്ചായത്തുകളിലും വ്യാപിച്ചു കിടക്കുന്നു കരിങ്ങാലി പാടശേഖരം , ഇപ്പോള്‍ ഇവിടെ , കൃഷി ചെയ്യാന്‍ പ്രതിസന്ധികള്‍ നിരവധി, നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ നഷ്‌ടത്തിന്റെ കണക്കുകള്‍ മാത്രമാണ്‌ നിരത്തുവാനുള്ളത്‌.
കൃഷിയോടുള്ള ആഭിമുഖ്യം മൂലം പലരും കടക്കെണിയിലാണ്‌ , കാലാവസ്‌ഥ വ്യതിയാനമാണ്‌ പലപ്പോഴും കര്‍ഷകന്റെ ചങ്ക്‌ തകര്‍ക്കുന്നത്‌. കാലം തെറ്റി മാത്രമേ കരിങ്ങാലി പാടശേരത്തില്‍ വിളഇറക്കുവാന്‍ കഴിയുന്നുള്ളു. മഴയാണ്‌ പ്രശ്‌നം.
വരള്‍ച്ച മിക്കപ്പോഴും, വെള്ളം ലഭിക്കാതെ നെല്ല്‌ ഉണങ്ങി മങ്കായി തീരുന്നു. 2018ലും 19 ലും വെള്ളം കയറിയും, 2023 ലും 24 ലും കൊടിയ വരള്‍ച്ചയിലും കര്‍ഷകര്‍ക്ക്‌ നഷ്‌ടമായത്‌ ലക്ഷങ്ങള്‍, ഇത്തവണയും കാലം തെറ്റിയ മഴ, പാടശേഖര സമിതികള്‍ക്ക്‌ യഥാവിധി കൃഷി ചെയ്യാന്‍ കഴിഞ്ഞില്ല. ചിറ്റിലപ്പാടം, വലിയ കൊല്ല , മുപ്പത്തി, വാരു കൊല്ല എന്നിവിടങ്ങളില്‍ ഒന്നാംവിധ ആയതേയുള്ളു, വിത കഴിഞ്ഞ്‌, നടീലിന്‌ ശേഷം വളം വിതറി. ഇപ്പോള്‍ 200 ഹെക്‌ടറിലാണ്‌ നെല്‍കൃഷി തുടങ്ങിയത്‌. ചിറ്റിലപാടത്ത്‌ 120 ദിവസം കൊണ്ട്‌ പാകമാവുന്ന പൗര്‍ണ്ണമിയും, വലിയ കൊല്ലയില്‍ 140 ദിവസം കൊണ്ട്‌ പരൂപപ്പെടുന്ന ഉമയും വിതച്ചിരിക്കുന്നു. ചിറ്റിലപാടത്ത്‌ റി-വാട്ടറിംഗ്‌ സംവിധാനത്തിന്റെ ഇല്ലായ്‌മ കര്‍ഷകര്‍ക്ക്‌ വേവലാതി വരുത്തുന്നു.
അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടും, മോട്ടോര്‍ സ്‌ഥാപിക്കാത്തതാണ്‌ പ്രയാസം. ഇരട്ടടി, മഞ്ഞനംകുളം, ഐരാണിക്കുടി പമ്പ്‌ ഹൗസില്‍ നിന്നാണ്‌ ഇവിടേക്ക്‌ വെള്ളം എത്തിക്കുന്നത്‌. മഞ്ഞനംകുളത്ത്‌ നിന്നും എത്തിക്കുന്ന വെള്ളം ലീക്കാവുന്നു.
വെള്ളം ലഭിക്കുന്ന ചാല്‍ വൃത്തിയായി സംരക്ഷിക്കാത്തത്‌ ഇറിഗേഷന്‍ വകുപ്പിന്റെ പിടിപ്പു കേട്‌, 99 ശതമാനം കര്‍ഷകരും പാട്ടത്തിന്‌ ആണ്‌ കൃഷി, ഒരു ഏക്കറിന്‌ 5000 രൂപ മുതല്‍ 6000 രൂപ വരെ പാട്ടക്കൂലി നല്‍കണം. ഇവിടെ, കൃഷി ലാഭകരമല്ലന്നും നഷ്‌ടമാണന്നും കര്‍ഷകര്‍ പറയുന്നു.
കൃഷിയോടുള്ള അഭിനിവേശമാണ്‌ പിന്‍മാറാതെ കാര്‍ഷിക വൃത്തിയില്‍ വിലയം തേടുന്നതെന്നാണ്‌ കര്‍ഷകര്‍ പറഞ്ഞത്‌. മാനം ഇരുണ്ടാല്‍ മനം പിടയുന്നു കര്‍ഷകരുടെ, കൂലിയുടെ കാര്യത്തിലും ബുദ്ധിമുട്ട്‌, മലയാളികള്‍ കൃഷിയിടത്തില്‍ ജോലിയ്‌ക്ക് വരില്ല.
വരമ്പ്‌ വെട്ടല്‍, നടീല്‍ ഇതൊക്കെ അന്യ സംസ്‌ഥാന തൊഴിലാളികള്‍ , ഇവര്‍ക്ക്‌ ദിവസ കൂലി 1000 രൂപ. നെല്ല്‌ പാകമായാല്‍ കൊയ്യാന്‍ മെഷ്യന്‌ കുട്ടനാട്ടുകാരന്റെ നേരം നോക്കണം.
അപ്പോഴേക്കും പെരുമഴയും , പെരുവെള്ളച്ചാട്ടവും. എല്ലാം കഴിഞ്ഞാല്‍ നെല്ല്‌ കൊടുത്താന്‍ പണം ലഭിക്കാന്‍ കാലതാമസം. കരിങ്ങാലി പുഞ്ചയുടെ കഥ അറിയുന്ന ആളാണ്‌ കൃഷിമന്ത്രി പി.പ്രസാദ്‌, പ്രതിസന്ധി ഘട്ടങ്ങളില്‍ മന്ത്രി ഇവിടെ ഓടി എത്താറുണ്ട്‌.
വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അദ്ദേഹം നാല്‌ കോടിയോളം രൂപാ അനുവദിച്ച്‌ നല്‍കിയത്‌ കര്‍ഷക സ്‌മരണകളിലുണ്ട്‌. ആവശ്യം അറിഞ്ഞ്‌ തന്നെ മന്ത്രിയുടെ സഹായഹസ്‌തമുണ്ടന്നും കര്‍ഷകര്‍ പറഞ്ഞു. പാലമേല്‍, നുറനാട്‌ ഗ്രാമ പഞ്ചായത്തുകള്‍ അവിടെ കിങ്ങാലി പുഞ്ചയുടെ ഉന്നമനത്തിന്‌ വേണ്ടി അനവധി പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും പന്തളം നഗരസഭ സ്വന്തം നെല്ലറയായ കരിങ്ങാലി പാടശേഖരത്തിന്റെ ഉന്നതിക്കായി എന്ത്‌ ചെയ്‌തു. കര്‍ഷകരുടെ കണ്ണിരുപ്പു കലര്‍ന്ന മണ്ണിന്റെ മഹനീയത ഇനിയെങ്കിലും വീണ്ടെടുക്കു.

Ads by Google
Advertisement
Wednesday 28 Jan 2026 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW