Wednesday, March 11, 2026 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.44 AM

മെഡിക്കല്‍ കോളജ്‌ സര്‍ജിക്കല്‍ ബ്ലോക്കും രണ്ടാം കാത്ത്‌ ലാബും ഉദ്‌ഘാടനത്തിനു തയാര്‍

uploads/news/2026/01/822855/3.jpg

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ ആധുനിക സര്‍ജിക്കല്‍ ബ്‌ളോക്ക്‌ അടക്കമുള്ള 11 വികസനപദ്ധതികളുടെ ഉദ്‌ഘാടനം ഫെബ്രുവരി 16ന്‌ ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
283 കോടി രൂപ ചെലവിട്ടു പൂര്‍ത്തിയാക്കിയ വികസനപദ്ധതികളാണ്‌ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്‌. 460 കിടക്കകളും 14 ഓപ്പറേഷന്‍ തിയറ്ററുകളും അടങ്ങുന്നതാണ്‌ പുതിയ സര്‍ജിക്കല്‍ ബ്‌ളോക്ക്‌. ആധുനിക സജ്‌ജീകരണങ്ങളോടുകൂടിയ രണ്ടാമത്തെ കാത്ത്‌ ലാബ്‌, 32 സ്‌ളൈഡ്‌ സി.ടി. സ്‌കാന്‍, നവീകരിച്ച ഒ.പി. വിഭാഗം, സ്‌കിന്‍ ബാങ്ക്‌, പാരാ മെഡിക്കല്‍ ഹോസ്‌റ്റല്‍, മാതൃ നവജാത ശിശു പരിചരണ വിഭാഗം, മുലപ്പാല്‍ സംഭരണ ബാങ്ക്‌, ക്രഷ്‌, ആശുപത്രിയുടെ പുതിയ കവാടം എന്നിവയാണ്‌ ഉദ്‌ഘാടനത്തിനു സജ്‌ജമായിട്ടുള്ളത്‌.ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 74 ലക്ഷം രൂപ ചെലവിട്ടു നിര്‍മിക്കുന്ന ടോയ്‌ലറ്റ്‌ കോംപ്ലക്‌സിന്റെ നിര്‍മാണോദ്‌ഘാടനവും ചടങ്ങില്‍ നടക്കും.
പരിപാടിയുടെ സ്വാഗതസംഘം രൂപീകരണത്തിനു മുന്നോടിയായി മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു. ആശുപത്രിയിലെ കാര്‍ഡിയാക്‌ റീഹാബാലിറ്റേഷന്‍ യൂണിറ്റിലേക്ക്‌ വേണ്ട ഉപകരണങ്ങള്‍, കാര്‍ഡിയോളജി വിഭാഗത്തിലേക്കുള്ള ആധുനിക എക്കോ മെഷീന്‍, യൂറോളജി വിഭാഗത്തിലേക്കുള്ള സി.ആര്‍. മെഷീന്‍, ഹൃദയശസ്‌ത്രക്രിയാ വിഭാഗത്തിലേയ്‌ക്കുള്ള അത്യാധുനിക വെന്റിലേറ്റര്‍ എന്നിവക്കായി രണ്ടുകോടി രൂപയുടെ സി.എസ്‌.ആര്‍. ഫണ്ടുകളും ആശുപത്രിക്ക്‌ ലഭ്യമായിട്ടുണ്ട്‌ എന്നു യോഗം അറിയിച്ചു.ജില്ലാ കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷത വഹിച്ച സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌, കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍, ഏറ്റുമാനൂര്‍ ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. ജയ്‌മോന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനന്ദ്‌ പഞ്ഞിക്കാരന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ ഒ.എ. സണ്ണി, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമി, മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ്‌ പുന്നൂസ്‌, സൂപ്രണ്ട്‌ ഡോ. ടി.കെ. ജയകുമാര്‍ എന്നിവര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 28 Jan 2026 10.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW