-->
കോട്ടയം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ആര്‍ത്തവ ശുചിത്വ പരിപാടികള്‍ ശക്‌തമാക്കുന്നു.
പരിസ്‌ഥിതി പുനഃസ്‌ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 21 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സാനിറ്ററി നാപ്‌കിന്‍ ഇന്‍സിനറേറ്ററുകള്‍ സ്‌ഥാപിക്കാനും 15 സ്‌കൂളുകളിലും ഏഴ് കോളജുകളിലും മെന്‍സ്‌ട്രുവല്‍ കപ്പ് വിതരണവും ബോധവല്‍ക്കരണവും നടത്താനും തീരുമാനിച്ചു.
93 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും മെന്‍സ്‌ട്രുവല്‍ കപ്പ് വിതരണം ചെയ്യും.ബജറ്റില്‍ വകയിരുത്തിയ തുകകൊണ്ട് സംസ്‌ഥാനത്ത് 322 ഇടങ്ങളിലാണ് ഇന്‍സിനറേറ്റര്‍ സ്‌ഥാപിക്കുന്നത്.
ഹരിതകേരളം മിഷന്‍ നടത്തിയ സര്‍വേയിലൂടെ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളജുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം മെന്‍സ്‌ട്രുവല്‍ കപ്പുകളും വിതരണം ചെയ്യും. ഹിന്ദുസ്‌ഥാന്‍ ലാറ്റക്‌സ് ലൈഫ് കെയറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്‍സിനറേറ്റര്‍ വഴി നാപ്‌കിനുകള്‍ ഉയര്‍ന്ന താപനിലയില്‍ ദഹിപ്പിച്ച് ചാരമാക്കാം. പ്ലാസ്‌റ്റിക് മാലിന്യം പൂര്‍ണമായും ഒഴിവാക്കാന്‍ സഹായിക്കുന്ന മെന്‍സ്‌ട്രുവല്‍ കപ്പുകള്‍ പ്രചരിപ്പിക്കുന്നത് ജില്ലയുടെ നെറ്റ് സീറോ കാര്‍ബണ്‍ ലക്ഷ്യത്തിന് കരുത്തേകും.