-->
അടിമാലി: ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റും വ്യാപാരിയുമായ പി.ആര്‍ അനിലിന്റെ കരണത്തടിച്ച സംഭവത്തില്‍ അടി മാലി പോലീസ് സേ്‌റ്റഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ അടിമാലി പോലീസ് സേ്‌റ്റഷനിലേക്ക് ജില്ലയില്‍ വര്‍ക്ക് ഷോപ്പുകള്‍ അടച്ചിട്ട് നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
സമരം മുന്നില്‍കണ്ട് അടിമാലി പോലീസ് സേ്‌റ്റഷന്‍ ഹൗസ് ഓഫീസര്‍ സി.വി ലൈജുമോനെ ഇടുക്കി യിലേക്ക് താല്‍ക്കാലികമായി സ്‌ഥലം മാറ്റം നല്‍കി തിങ്കളാഴ്‌ച ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. 26ന് ഇറക്കിയ ഉത്തരവില്‍ അടിയന്തരമായി അന്നേദിവസം തന്നെ ജില്ലാ ഓഫീസില്‍ ചാര്‍ജ് എടുക്കണം എന്നായിരുന്നു നിര്‍ദ്ദേശം. പകരം ചുമതല നല്‍കിയിട്ടുമില്ല. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഡി.ഐ.ജി തലത്തില്‍ നിന്നും നടപടി ഉണ്ടാകുന്നത് വരെയാണ് സ്‌ഥലം മാറ്റം. എന്നാല്‍, നിരപരാധിയായ വ്യാപാരിയെ പോലീസ് സേ്‌റ്റഷന്‍ മുറ്റത്ത് മര്‍ദ്ദിച്ച പോലീസ് ഓഫീസറെ കേവലം സ്‌ഥലംമാറ്റം നല്‍കി സംരക്ഷിക്കാതെ കര്‍ശന നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച്
ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നേതാക്കളും രംഗത്ത് വന്നിരുന്നു. എസ്.എച്ച്.ഒമാരുടെ പൊതുസ്‌ഥലംമാറ്റം അടുത്തു വരുന്ന സാഹചര്യത്തില്‍ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തി ഇദ്ദേഹത്തെ അടിമാലിയില്‍ നിന്ന് മാറ്റുന്നതിനുള്ള നീക്കമാണ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്നുള്ളതെന്നാരോപിച്ചാണ് നേതാക്കള്‍ രംഗത്തുവന്നത്.
അനിലിനെ പോലീസ് മര്‍ദിച്ചതിന്റെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും എതിരായിട്ടും ശിക്ഷാ നടപടി ലഘുകരിക്കുന്നതിന് ഇടപെടല്‍ കാരണമായെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞമാസം 30നാണ് അടിമാലി ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ മുറ്റത്ത് വച്ച് അകാരണമായി അനിലിന്റെ കരണത്ത് മാറിമാറി അടിച്ചത്. അനിലിന്റെ ഭാര്യാ സഹോദരിയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാറില്‍ കല്ലാര്‍കുട്ടിയില്‍ വച്ച് മറ്റൊരു വാഹനം ഇടിച്ചു. തുടര്‍ന്ന് കേസ് പോലീസ് സ്‌റ്റേഷനിലെത്തി പരിഹരിക്കുന്നതിനിടെയാണ് സ്‌ഥലത്തെത്തിയ എസ്.എച്ച്.ഒ: ലൈജുമോന്‍, അനിലിന്റെ കരണത്തടിച്ചത്.
രണ്ടുവട്ടം സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വ്യക്‌തിയാണ് അനില്‍. സംഭവം നടന്ന് നാലാം ദിവസം, ഇടുക്കി ഡിവൈ.എസ്.പി: രാജന്‍ കെ. അരമന അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. എന്നാല്‍ അനന്തര നടപടികള്‍ ഇഴഞ്ഞുനീങ്ങി.
നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ അസോസിയേഷന്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്‌പാംഗദന്‍ അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്‌ഘാടനം സംസ്‌ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ നിര്‍വഹിച്ചു. താല്‍ക്കാലിക സ്‌ഥലം മാറ്റം ശിക്ഷാ നടപടിയായി കാണാനാവില്ലെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അടിമാലി അമ്പലപ്പടിയില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടു ത്തു. നിസാര്‍ കാസിം, സുമേഷ് എസ്. പിള്ള, ജോസ് എ ജെ, സജീവ് മാധവന്‍, സന്തോഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.