-->
കുഞ്ചിത്തണ്ണി: അപകടങ്ങള്‍ തുടര്‍ക്കഥയായി മാറികൊണ്ടിരിക്കുന്ന ചെമ്മണ്ണാര്‍ - ഗ്യാപ്പ് റോഡിന്റെ അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരി ക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. രതീഷിന്റെ നേതൃത്വത്തില്‍ നിരാഹാര സത്യഗ്രഹം നടത്തി.
ഏറ്റവും ഒടുവില്‍ ശനിയാഴ്‌ച രാവിലെ മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേര്‍ക്കാണ് പരുക്കേറ്റത്. 2022ല്‍ ഈ റോഡ് നിര്‍മിച്ചതിനു ശേഷം 47 അപകടങ്ങളാണ് ചൊക്രമുടി ഭാഗത്തുണ്ടായത്.
അന്യ സംസ്‌ഥാനങ്ങളില്‍ നിന്നു വന്ന ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെട്ടിട്ടുളത്. ഇതുവരെ11 പേര്‍ വിവിധ അപകടങ്ങളില്‍ മരിക്കുകയും ചെയ്‌തു.
ഈ റോഡിലെ അപകട സാധ്യതകള്‍ കുറയ്‌ക്കുന്നതിനുവേണ്ടി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്‌ഥാപിക്കണമെന്നും റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നിരാഹാര സത്യാഗ്രഹം നടത്തിയത്. ഇടുക്കി എം.പി. സീന്‍ കുര്യാക്കോസും സ്‌ഥലത്തെത്തി സത്യഗ്രഹത്തില്‍ പങ്കെടുത്തു.