-->
കുഞ്ചിത്തണ്ണി: രാജാക്കാട് ഗ്രാമപഞ്ചായത്തിലെ അഴിമതികളെപ്പറ്റി ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ പരാതികളെപ്പറ്റിയാണ് അന്വേഷിക്കാന്‍ ഉത്തരവുകള്ളത്. എം.എം. മണി എം.എല്‍.എ യുടെ മകള്‍ എം.എസ്.സതിയായിരുന്നു ഈ കാലയളവില്‍ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്. ഹിന്ദു ഐക്യവേദി ഉടുമ്പ ഞ്ചോല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എ.വി.രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍.
പഞ്ചായത്തില്‍ നടന്നിട്ടുള്ള നിരവധി അഴിമതികളെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐക്യവേദി പ്രസിഡന്റ് എ.വി.രാജന്‍ മാസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. നടപടി ഉണ്ടാകാതിരുന്ന തോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചായത്തിലെ വാണിജ്യാവ ശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ 1994 ലെ പഞ്ചായത്ത് രാജ് ആക്‌ടിലെ മാനദണ്ഡങ്ങളും നിയമങ്ങളും അട്ടിമറിച്ച് കെട്ടിട നമ്പരുകള്‍ കൊടുത്തതും ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്താതെ പഞ്ചായത്തിന്റെ വാഹനം ഉപയോഗിച്ചതും, വാഹനത്തിന്റെ പഴയ ഭാഗങ്ങള്‍ ടെന്‍ണ്ടര്‍ കൂടാതെ വില്‍പ്പന നടത്തിയതും,പഴയ പഞ്ചായത്തു കെട്ടിടസമുച്ചയം പൊളിച്ചതിന്റെ ഭാഗങ്ങള്‍ അനധികൃതമായി വില്‍പന നടത്തിയതും തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നായിരുന്നു വിജിലന്‍സിന് കൊടുത്ത പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. രാഷ്‌ട്രീയ സമ്മര്‍ദം ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്തി എന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു.
എ.വി.രാജന്‍ഹൈക്കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമാണെന്നും ഹര്‍ജി തള്ളണമെന്നും പഞ്ചായത്ത് കോടതിയില്‍ വാദമുന്നയിച്ചെങ്കിലും അഴിമതിയുടെ ഒരു ഘടകവും സര്‍ക്കാര്‍ വാദത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ തടസവാദം പൂര്‍ണമായും അടിസ്‌ഥാന രഹിതമാണെന്നും കോടതി വിലയിരുത്തി.
അതിന്റെ അടിസ്‌ഥാനത്തിലാണ് ഹൈക്കോടതി ജഡ്‌ജി ബദറുദ്ദീന്‍ ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വഷിച്ച് നടപടിയെടുക്കാന്‍ ഉത്തരവ് കൊടുത്തത്.
സംസ്‌ഥാന ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, പഞ്ചായത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്‌ടര്‍ വിജിലന്‍സ് ആന്റ് കറപ്‌ഷന്‍,പഞ്ചായത്ത് ജോയിന്റ്‌ഡയറക്‌ടര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍, രാജാക്കാട് പഞ്ചായത്ത് തുടങ്ങിയവരായിരുന്നു എതിര്‍കക്ഷികള്‍. അഡ്വ: ലതീഷ് സെബാസ്‌റ്റ്യന്‍ ഹര്‍ജിക്കാരനുവേണ്ടി ഹാജരായി. സര്‍ക്കാരിനുവേണ്ടി അഡ്വ:എസ്. രേഖ,അഡ്വ.എം.കെ.തങ്കപ്പന്‍ ,അഡ്വ:എ. രാജേഷ് എന്നിവരും ഹാജരായി.