-->
നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്രവിമാനത്താവളത്തില്‍ ഡല്‍ഹിയ്‌ക്ക് പോകാനെത്തിയ യാത്രക്കാരിയുടെ ബാഗേജിന്റെ അടിയില്‍ ഒളിപ്പിച്ച രണ്ടു കോടി വില വരുന്ന മെതാക്വലോണ്‍ മയക്കുമരുന്നുമായി വിദേശ യുവതി പിടിയിലായി. ടോഗോലൈസ് സ്വദേശി ഈറോ ആഗോരയാണ് പിടിയിലായത്.
ഡൊമസ്‌റ്റിക് ടെര്‍മിനലില്‍ സിയാല്‍ സെക്യൂരിറ്റി ഇന്‍ലൈന്‍ സ്‌ക്രീനര്‍മാര്‍ രജിസ്‌റ്റര്‍ ചെയ്‌ത ബാഗേജ് സ്‌ക്രീന്‍ ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ ആറു മണിയോടെയാണ് സംഭവം നടന്നത്.
രജിസ്‌റ്റര്‍ ചെയ്‌ത ബാഗേജിന്റെ അടിയില്‍ വിദഗ്‌ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്നു കണ്ടെത്തിയത്. ലെവല്‍ 4 ലെ ബാഗേജിന്റെ പരിശോധനയ്‌ക്കിടെയാണ് 2 പാക്കറ്റുകള്‍ കണ്ടെത്തിയത്. ഡ്യൂട്ടി മാനേജര്‍ കസ്‌റ്റംസ് അധികൃതരെ വിവരമറിയിക്കുകയും യാത്രക്കാരനും പിടിച്ചെടുത്ത വസ്‌തുക്കളും ബാഗേജും കൂടുതല്‍ പരിശോധനയ്‌ക്കായി കസ്‌റ്റംസിന് കൈമാറുകയും ചെയ്‌തു. യാത്രക്കാരി ദോഹയില്‍ നിന്ന് കൊച്ചിയിലെത്തി എയര്‍ ഇന്ത്യ വിമാനമായ എ.ഐ .1828 ല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ആഭ്യന്തര ടെര്‍മിനലില്‍ എത്തിയതായിരുന്നു ഇവര്‍.
കസ്‌റ്റംസ് ആക്‌ട് അനുസരിച്ച് 3.98 കിലോഗ്രാം ഭാരമുള്ള മെതാക്വലോണ്‍ എന്ന വിഭാഗത്തില്‍പ്പെട്ട ഈ വസ്‌തുവിന് ഏകദേശം 2 കോടി രൂപ വിലവരും.
സെക്ഷന്‍ 20(ബി) ബി ആക്‌ട് അനുസരിച്ച് ഒ.എസ് നമ്പര്‍ 04/2026 പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.