-->
കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് ഇന്ന് തിരിതെളിയും. വൈകുന്നേരം 5.30 ന് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ വി.കെ. മിനിമോള്‍ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്‌ചന്ദ് അധ്യക്ഷത വഹിക്കും.
ജെയിന്‍ ആക്‌സിലറേറ്ററിന്റെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നടത്തും. ജില്ലാ കലക്‌ടര്‍ ജി. പ്രിയങ്ക, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. സുശാന്ത് കുരുന്തില്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളാകും. ഫ്യൂച്ചര്‍ കേരള മിഷന്‍ ചീഫ് ഫെസിലിറ്റേറ്ററും ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്‌ടറുമായ ഡോ. ടോം ജോസഫ്, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി, തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ റാഷിദ് ഉള്ളമ്പിള്ളി, കിന്‍ഫ്ര ഡയറക്‌ടര്‍ സാബു ജോര്‍ജ്, പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ജെ. ലത എന്നിവര്‍ പങ്കെടുക്കും. ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ നടക്കുക. സമ്മിറ്റിന്റെ പ്രധാന രണ്ട് വേദികളായ ആല്‍ഫ,ബീറ്റ എന്നിവ കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററിലാണ് സജ്‌ജമാക്കിയിരിക്കുന്നത്. കൂടാതെ, ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും ചര്‍ച്ചകളും ഫെസ്‌റ്റിവല്‍ വില്ലേജും ഉണ്ടാകും.
രണ്ട് ലക്ഷത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഈ സംഗമത്തില്‍ അമ്പതിലധികം മാസ്‌റ്റര്‍ ക്ലാസുകളും വര്‍ക്ഷോപ്പുകളും നടക്കും. പുതിയ തലമുറയുടെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജന്‍സി ലിംഗോ ലാബ്, ബന്ധങ്ങളെക്കുറിച്ചുള്ള അരികെ, സാധാരണക്കാര്‍ക്ക് ശബ്‌ദം നല്‍കുന്ന പീപ്പിള്‍സ് സേ്‌റ്റജ് എന്നിവ ഇത്തവണത്തെ പ്രത്യേകതകളാണ്.
വിജ്‌ഞാനത്തിനൊപ്പം വിനോദത്തിനും വലിയ പ്രധാന്യം നല്‍കുന്ന സമ്മിറ്റില്‍ കൊച്ചി ആദ്യമായി സാക്ഷ്യം വഹിക്കുന്ന തുടര്‍ച്ചയായ നാലു ദിവസത്തെ ഡ്രോണ്‍ ഷോ പ്രധാന ആകര്‍ഷണമായിരിക്കും. ലോകോത്തര വാഹന ബ്രാന്‍ഡുകള്‍ അണിനിരക്കുന്ന ഫെസ്‌റ്റിവല്‍ ഓഫ് സ്‌പീഡ് എന്ന ഓട്ടോ എക്‌സ്പോ, നൂതന റോബോട്ടിക്‌സ് സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന റോബോവേഴ്‌സ്, ഇ-സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ അരങ്ങേറുന്ന ഗെയിം വേഴ്‌സ് എന്നിവ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം നല്‍കും.
കൂടാതെ കേരളത്തിലെ ഉത്സവപ്പറമ്പുകളുടെ പ്രതീതി നല്‍കുന്ന ഫെസ്‌റ്റിവല്‍ വില്ലേജ്, ഫ്‌ലീ മാര്‍ക്കറ്റുകള്‍, ഡിസൈന്‍ ഫെസ്‌റ്റിവല്‍, ഫാഷന്‍ ഷോ എന്നിവയും സജ്‌ജമാണ്.
തത്സമയ സംഗീത പരിപാടികള്‍ക്കായി ജോണിറ്റ, നികിത ഗാന്ധി, അറിവ്, യോഗി ശേഖര്‍, വൈല്‍ഡ് വൈല്‍ഡ് വുമണ്‍, റിഷ് എന്‍.കെ., സെബ റ്റോമി, സഫ്വാന്‍, റോബര്‍ട്ട് ഫാല്‍ക്കണ്‍, നീന സ്യുര്‍ട്ടെ, ഒളി എസെ തുടങ്ങി അമ്പതിലധികം പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത നിശകളും ഇത്തവണത്തെ മാറ്റുകൂട്ടും.