-->
കൊച്ചി: കടല്‍പായല്‍ വ്യവസായ മേഖലയിലെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഏഴാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ കടല്‍പായല്‍ ഉച്ചകോടിയും പ്രദര്‍ശനവും നാളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ.) രാവിലെ 9.30ന് തുടങ്ങും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഡോ ബി.കെ. ബെഹറ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷി-മത്സ്യ മന്ത്രാലയങ്ങളിലെ ഉന്നതര്‍, ഗവേഷകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, മാലിദ്വീപ്, ഇന്തോനേഷ്യ, ശ്രീലങ്ക, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കും.
കടല്‍പായലിന്റെ സാമ്പത്തിക, പോഷകാഹാര, പാരിസ്‌ഥിതിക സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനായി നയതന്ത്രജ്‌ഞര്‍, ശാസ്‌ത്രജ്‌ഞര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സിഎംഎഫ്‌ആര്‍ഐ, സെന്‍ട്രല്‍ സാള്‍ട്ട് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് എന്നിവര്‍ സംയുക്‌തമായാണ് എക്‌്സ്‌പോയും ഉച്ചകോടിയും സംഘടിപ്പിക്കുന്നത്. കടല്‍പായലില്‍ നിന്നുള്ള വൈവിധ്യമായ ഉല്‍പന്നങ്ങള്‍ എക്‌സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്‌ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്‌റ്റാളുകളുണ്ടാകും.