-->
ഹരിപ്പാട്: കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന കൈക്കുഞ്ഞ് അടക്കമുളള യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ പാനൂര്‍ വാട്ടര്‍ടാങ്ക് ജങ്‌ഷന് കിഴക്ക് ഒതളപ്പറമ്പ് ഭാഗത്തായിരുന്നു അപകടം.
ഗള്‍ഫിലേക്ക് പോകുന്ന ചാമേത്ത് വീട്ടില്‍ സൂര്യയെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നതിനായി മറ്റൊരു വീട്ടില്‍ ഇട്ടിരുന്ന അവരുടെ കാറുമെടുത്ത് ബന്ധുവായ ഇടയാടിയില്‍ വീട്ടില്‍ സുധീറും കുടുംബവും വരുമ്പോള്‍ സൂര്യയുടെ വീടിന്റെ തൊട്ടുമുന്നില്‍ വച്ചായിരുന്നു അപകടം. ഇടതുഭാഗത്തുള്ള തോട്ടിലേക്ക് കാര്‍ തലകീഴായി മറിയുകയായിരുന്നു. ഭാര്യ സുലു, മക്കളായ റയാ ഫാത്തിമ (ആറ്) റയാന്‍ (ആറുമാസം) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.
ശബ്‌ദം കേട്ട് ഓടിയെത്തിയ സൂര്യ ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ സവാദ് ഓടിയെത്തി ഡോര്‍ തുറന്ന് നാലു പേരെയും പുറത്തെടുക്കുകയായിരുന്നു. തോട്ടില്‍ കാര്യമായി വെള്ളമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിസാര പരുക്കുകള്‍ പറ്റിയ നാലുപേരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂര്യയുടെ ഭര്‍ത്താവ് അബ്‌ദുല്‍ ഗഫൂറിന്റെ ഉടമസ്‌ഥതയിലുള്ളതാണ് കാര്‍.