-->
മാവേലിക്കര: നിരവധി മോഷണ കേസുകളിലെ പ്രതി കുപ്രസിദ്ധ മോഷ്‌ടാവ് കൃഷ്‌ണപുരം കാപ്പില്‍ അശ്വിന്‍ ഭവനത്തില്‍ സ്‌പൈഡര്‍ എന്നു വിളിക്കുന്ന സുനില്‍. പി (47), ഇയാളുടെ സഹായിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരില്‍ വീട്ടില്‍ ജിതേഷ് (39) എന്നിവര്‍ അറസ്‌റ്റിലായി. വള്ളികുന്നം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട നാമ്പുകുളങ്ങര, മങ്ങാരം, കട്ടച്ചിറ , തെക്കേമങ്കുഴി, വട്ടയ്‌ക്കാട്, കിണറുമുക്ക് പ്രദേശങ്ങളില്‍ നാട്ടുകാരുടെയും പോലീസിന്റെയും സൈ്വര്യ ജീവിതം തകര്‍ത്ത് മോഷണ പരമ്പര നടത്തിവരികയായിരുന്നു ഇവര്‍. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം എസ്.എച്ച്.ഒ സുരേഷ് കുമാര്‍.ആറിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പിടികൂടിയത്. അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുന്‍വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണവും മോഷണം പോകുന്നത് പതിവായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്ത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മുന്‍ കുറ്റവാളികളെയും മോഷണങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ വാടകയ്‌ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനിലിനെ പിടികൂടിയത്. 40-ഓളം വാഹന മോഷണ കോസ്സുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ കേസുകളുടെ കോടതി നടപടികള്‍ തീര്‍ന്ന ശേഷം സ്‌കൂള്‍ വാഹനം ഓടിച്ചും ടാക്‌സി കാറുകള്‍ ഓടിച്ചും നാട്ടില്‍ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു. എന്നാല്‍ മുന്‍പ് ജയിലില്‍ കിടന്നകാലത്ത് സഹതടവുകരായ തമിഴ്‌കുറുവ മോഷ്‌ടാക്കളില്‍നിന്നും വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്‌ടിക്കുന്നതിനെപ്പറ്റിയും തമിഴ്-കുറുവ രീതിയില്‍ വസ്‌ത്രധാരണം ചെയ്‌തും പോലീസ് പിടികൂടുമ്പോള്‍ മോഷണ മുതലുകള്‍ തിരികെ നല്‍കാതെ നിസഹരണ രീതിയില്‍ പെരുമാറുന്ന രീതികള്‍ അവരില്‍ നിന്നും പഠിച്ചു വച്ചിരുന്നു.
നാട്ടില്‍ മാന്യനായി ചമഞ്ഞ് ജീവിതം നയിച്ചു വരുന്നതിനിടയില്‍ ആഢംബര ജീവിതത്തിന് പണം തികയാതെ വരുന്ന സാഹചര്യങ്ങളില്‍ പോലീസ് പിടി ക്കപ്പെടാത്ത രീതിയില്‍ പഴുതുകള്‍ അടച്ച് മോഷണം നടത്തി വരുന്നതിനിടയില്‍ 2022ല്‍ കായംകുളത്തു നടന്ന മേഷണ കേസ്സുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ പോയിരുന്നു. പിന്നീട് ജയില്‍ മോചിതനായതിനു ശേഷം കുറച്ചുനാള്‍ മറ്റ് ജോലികള്‍ ചെയ്‌ത് ജീവിച്ചിരുന്നുവെങ്കിലും തന്റെ ആഢംബര ജീവിതം നയിക്കുന്നതിനുവേണ്ടി വള്ളികുന്നം പോലീസ് സ്‌റ്റേഷന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് മോഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇയാള്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്ന സമയങ്ങളില്‍ സന്ധ്യയോടുകൂടി തന്റെ ബുള്ളറ്റില്‍ ഈവനിങ് റൈഡ് നടത്തി ഗേയ്‌റ്റിനു പുറത്തുനിന്നും താഴിട്ട് പൂട്ടിയ വീടുകളും താല്‍ക്കാലികമായി അടഞ്ഞുകിടക്കുന്ന വീടുകളും കണ്ടുവച്ചശേഷം റോഡുകള്‍ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയും ആളുകള്‍ രാത്രിയില്‍ കണ്ടാല്‍ ഭയപ്പെടുന്ന രീതിയില്‍ തലയിലുടെ ലുങ്കിപുതച്ച് കയ്യില്‍ മാരകായുധവും കരുതി അടിവസ്‌ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്‌ടാവാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധം കിലോമീറ്റ റുകള്‍ നടന്ന് മുന്‍കൂട്ടി കണ്ടുവെച്ച വീടുകളുടെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുന്നതാണ് രീതി. ഇയാളെ പിടികൂടി ചോദ്യം ചെയ്‌തതില്‍ കൂട്ടു പ്രതിയായ സുഹൃത്ത് ജിതേഷ് തന്നെ ഇടസമയങ്ങളില്‍ മോഷണസ്‌ഥലത്ത് ബൈക്കില്‍ കൊണ്ടുവിടാറുണ്ടെന്ന് സുനില്‍ പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് ജിതേഷിനെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.