Friday, March 13, 2026 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.40 AM

വായ്‌പാ തട്ടിപ്പ്‌ സഹകരണ ബാങ്ക്‌ ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ടു

കുട്ടനാട്‌: വസ്‌തുവിന്റെ പ്രമാണം വെച്ച്‌ ഉടമ മറ്റൊരാളെക്കൊണ്ട്‌ വായ്‌പയെടുപ്പിച്ച സംഭവത്തില്‍ വിശ്വാസവഞ്ചന, കൃത്രിമ രേഖ ചമക്കല്‍, കണക്കുകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കാട്ടിയ രാമങ്കരി സര്‍വീസ്‌ സഹകരണ ബാങ്ക്‌ സീനിയര്‍ ക്ലര്‍ക്ക്‌ എന്‍.വിനീഷ്‌ കുമാറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു.
സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ഓഫീസറുടെ റിപ്പോര്‍ട്ട്‌ പ്രകാരം 1969 ലെ കേരള സഹകരണ ചട്ടം 1981 (1) (എച്‌) പ്രകാരമാണ്‌ പിരിച്ചുവിടല്‍ നടപടി. രാമങ്കരി പഞ്ചായത്ത്‌ മുന്‍ അംഗമായിരുന്ന രമ്യ സജീവിന്റെ പേരില്‍ ഒ.എല്‍ 65 /2023- 24 ആയി അനുവദിച്ച 5 ലക്ഷം രൂപയുടെ പേരിലായിരുന്നു തട്ടിപ്പ്‌.
വസ്‌തുവിന്റെ യഥാര്‍ഥ ഉടമയായ ഫിലിപ്പ്‌ ജോര്‍ജും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു ഇതിലെ ജാമ്യക്കാര്‍.
എന്നാല്‍ യഥാര്‍ഥ ഉടമയും ജാമ്യക്കാരനുമായ ഫിലിപ്പ്‌ ജോര്‍ജിനെ വായ്‌പ ഒന്നരലക്ഷം രൂപ മാത്രമാണെന്ന്‌ പറഞ്ഞ്‌ തെറ്റിദ്ധരിപ്പിച്ച്‌ ഇതിന്‌ പുറമേ വായ്‌പയുടെ ലെഡ്‌ജറിന്റെ പകര്‍പ്പായി സൂക്ഷിക്കേണ്ട പാസ്‌ബുക്കിലും ഇതേ തുക രേഖപ്പെടുത്തി.
ബാങ്കിന്റെ ഓഹരിവിഹിതമായ 6000 രൂപ പിടിച്ചശേഷം ഒരു ലക്ഷത്തി നാല്‌പത്തിനാലായിരം രൂപ മാത്രമാണ്‌ ഇയാള്‍ക്ക്‌ നല്‍കിയത്‌.
പിന്നീട്‌ ഫിലിപ്പ്‌ ജോര്‍ജും ഭാര്യയും ഈ തുക ഒടുക്കി വസ്‌തുവിന്റെ പ്രമാണം തിരികെ ആവശ്യപ്പെ ട്ടെങ്കിലും പ്രമാണം തിരികെ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന്‌ മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പ്‌ വെളിച്ചത്താകുകയായിരുന്നു. ഇതുവഴി ബാങ്കിനെയും ബാങ്ക്‌ അംഗങ്ങളെയും വഞ്ചിച്ചതായാണ്‌ കണ്ടെത്തിയത്‌.
തുടര്‍ന്ന്‌ ഇവര്‍ പരാതിയുമായി ബാങ്കിനെ സമീപിച്ചതിന്റെ അടിസ്‌ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ തട്ടിപ്പ്‌ വ്യക്‌തമായി. ഇതേത്തുടര്‍ന്നാണ്‌ പിരിച്ചുവിടല്‍ നടപടിയെന്ന്‌ പ്രസിഡന്റ്‌ ജോസഫ്‌ ചേക്കോടന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 28 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW