-->
ആലപ്പുഴ: ദേശീയപാത നിര്‍മാണത്തിനിടയില്‍ കുടിവെള്ള പൈപ്പുകള്‍ തുടര്‍ച്ച യായി പൊട്ടുന്ന സാഹചര്യത്തില്‍ അലംഭാവം തുടരുന്ന കരാര്‍ കമ്പനികള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം അറസ്‌റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. ജില്ലാ കലക്‌ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത അടി യന്തരയോഗത്തില്‍ മന്ത്രി പി.പ്രസാദാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.
ചേര്‍ത്തല, അരൂര്‍ മേഖലയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ നിരന്തരം പൈപ്പുകള്‍ പൊട്ടുന്നത് മൂലം ദിവസങ്ങളോളം കുടിവെള്ള വിതരണം തടസപ്പെടുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്‌ടറുടെ ചേംബറില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്.
പതിനൊന്നാം മൈലില്‍ ഇന്നലെ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും മന്ത്രി കരാര്‍ കമ്പനിക്ക് നല്‍കി. അതുവരെ ചേര്‍ത്തല നഗരസഭ, തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം വടക്ക് എന്നിവടങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനും കമ്പനിക്ക് നിര്‍ദേശം നല്‍കി. കുടിവെള്ള പൈപ്പ് ലൈനുകള്‍ സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും കരാര്‍ കമ്പനികളുടെ അശ്രദ്ധയും അശാസ്‌ത്രീയമായ നടപടികളും മൂലമാണ് തുടര്‍ച്ചയായി കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത്. അതുകൊണ്ടുതന്നെ പാഴാകുന്ന കുടി വെള്ളത്തിന്റെ വിലയും അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായി വരുന്ന ചിലവും മുന്‍കാല പ്രാബല്യത്തോടെ കരാര്‍ കമ്പനികളില്‍ നിന്ന് ഈടാക്കാനും യോഗം തീരുമാനിച്ചു.
പൈപ്പുകള്‍ പൊട്ടുകയും കുടിവെള്ളവിതരണം തടസപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ അടിയന്തരപരിഹാരത്തിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരി ക്കാനും കരാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനുവലായി കുഴികളെടുത്ത് പൈപ്പ് ലൈന്‍ ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രമേ വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇനി കുഴികളെടുക്കാവൂ. കുടിവെള്ള വിതരണം തടസപ്പെടുന്ന സഹാചര്യമുണ്ടായാല്‍ ബാധിത പ്രദേശങ്ങളിലേക്ക് കരാര്‍ കമ്പനികളുടെ ചെലവില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കണം. ഇതിനാവശ്യമായ ജലം മാക്കേകടവ് പ്ലാന്റില്‍നിന്നും മാത്രമേ ശേഖരിക്കാവൂ എന്നും ശുദ്ധജലം കൊണ്ടുപോകുന്നതിനുള്ള വാട്ടര്‍ ടാങ്കുകളില്‍ മാത്രമേ വെള്ളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നും മന്ത്രി പറഞ്ഞു.
വലിയ ടാങ്കറുകള്‍ എത്താത്ത ഉള്‍പ്രദേശങ്ങളില്‍ പെട്ടി ഓട്ടോറിക്ഷകളില്‍ കുടിവെള്ള വിതരണം നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ വാട്ടര്‍ അതോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണമെന്നും വിതരണത്തിനായി ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദേശിച്ചു.
റോഡ് നിര്‍മ്മാണത്തിനായി കുഴിയെടുക്കുമ്പോള്‍ പൈപ്പുകള്‍ പൊട്ടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും തൊഴിലാളികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കലക്‌ടര്‍ കരാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ എ.ഡി.എം ആശ സി ഏബ്രഹാം, ജില്ലാ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്‌ടര്‍ സി. പ്രേംജി, അശോക് ബില്‍ഡ് കോണ്‍, കെ.സി.സി കരാര്‍ കമ്പനി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.