-->
പുല്‍പ്പള്ളി: പണിതിട്ടും പണിതിട്ടും തീരാത്ത എരിയപ്പള്ളി-മണല്‍വയല്‍-കേണിച്ചിറ-കാര്യമ്പാടി-കൊളവയല്‍ റോഡ് പണികള്‍ പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയതായി റോഡ് ആക്ഷന്‍ കമ്മറ്റി ഭാരവഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ദീര്‍ഘനാളത്തെ മുറവിളിയെ തുടര്‍ന്നാണ് പൊട്ടിപ്പൊളിഞ്ഞ റോഡു നന്നാക്കുന്നതിനായി 2023 ല്‍ തീരുമാനമെടുത്തത്. കിഫ്‌ബി ഫണ്ടിലുള്‍പ്പെടുത്തി 26.62 കോടി രൂപ അനുവദിക്കുകയും 2023 സെപ്‌തംബര്‍ 25 ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിക്കുകയും 18 മാസത്തെ കാലാവധിക്ക് കരാര്‍ നല്‍കുകയും ചെയ്‌തിരുന്നു. റോഡിന്റെ പ്രവര്‍ത്തിക്ക് തുടക്കമിടുകയും ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായിട്ടും റോഡിന്റെ പണികള്‍ നടക്കുന്നില്ല. ഇത്രയും കാലമായിട്ടും 25 ശതമാനം പണികള്‍ പോലും പൂര്‍ത്തികരിച്ചിട്ടുമില്ല. ജെ.സി.ബി ഉപയോഗിച്ചു റോഡ് പൊട്ടിപ്പൊളിക്കുകയും സഞ്ചാരയോഗ്യമല്ലാതെയുമായിട്ടുണ്ട് രൂക്ഷമായ പൊടിശല്യം സമീപവീടുകള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും നാശമായിരിക്കുകയുമാണ്. യാതൊരു സുരക്ഷയുമില്ലാതെ റോഡിന്റെ വശങ്ങള്‍ ഇടിച്ചുനിരത്തിയതിനാല്‍ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സാധാരണമാണ്. പുല്‍പ്പള്ളിയില്‍ നിന്നും വനപാത കൂടാതെ കല്‍പ്പറ്റയിലെത്താനുള്ള ഏറ്റം ദൂരംകുറഞ്ഞ വഴിയാണിത്. ജലഅതോറിറ്റിയുടെ പൈപ്പിന്റെ പണികളും ഇവിടെ പൂര്‍ത്തികരിക്കേണ്ടതുണ്ട്. നിലവില്‍ കരാറെടുത്ത കരാറുകാരനു വേണ്ടത്ര ഉപകരണങ്ങളോ, ജോലിക്കാരോ ഇല്ലാതെയാണ് കരാര്‍ നല്‍കിയതെന്നു ആക്ഷേപവുമുണ്ടു. മതിയായ മാനദണ്ഡങ്ങള്‍ നോക്കാതെ ഇഷ്‌ടക്കാരായ കരാറുകാര്‍ക്ക് പണികള്‍ നല്‍കുന്നതാണ് ജനത്തിനു ഭൂരിതമാകുന്നതെന്ന ആക്ഷേപവും വ്യാപകമാണു. കലക്‌ടര്‍ അടക്കമുള്ളവരുമായി പ്രശ്‌നം ചര്‍ച്ച ചെയ്‌തു തീരുമാനമായില്ലെങ്കില്‍ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികളിലേക്ക് തിരിയുമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ എം.ആര്‍. ജനകന്‍, ചെയര്‍മാന്‍ കെ.ജി.ഗോപിനാഥന്‍, ശരത് ചന്ദ്രകുമാര്‍, എ.ആര്‍. സന്ദീപ്, പത്മനാഭന്‍ കല്ലിങ്കല്‍, എന്‍.ടി. സജി, എം.കെ. ഓമനക്കുട്ടന്‍ പങ്കെടുത്തു.