-->
തെരുവിലലയുന്നവരെ ചികിത്സ നല്‍കി പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന പൊന്നാനിയിലെ ഹാപ്പിനെസ് സെന്ററി(എമര്‍ജന്‍സി കെയര്‍ റിക്കവറി സെന്റര്‍)ന്റെ സ്‌നേഹത്തണലില്‍ ഭണ്ഡു ബുദ്ധ കോബ്രഗാഡെ രണ്ടര വര്‍ഷത്തിനു ശേഷം നാഗ്‌പൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. മാനസികാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ഭണ്ഡു വിവിധ സംസ്‌ഥാനങ്ങളില്‍ കറങ്ങിത്തിരിഞ്ഞാണ് പൊന്നാനിയിലെത്തുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഇ സി ആര്‍ സി വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ട ഭണ്ടുവിനെ തൃക്കാവിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
ചികിത്സയും സ്‌നേഹപരിചരണവും സമം ചേര്‍ത്ത് ലഭിച്ചതോടെ ഭണ്ഡു പുതിയൊരു മനുഷ്യനായി മാറി. നാഗ്‌പൂരില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ വീട്ടിലേക്ക് ഭണ്ഡു ബന്ധുക്കള്‍ക്കൊപ്പം യാത്ര തിരിച്ചു. രണ്ടര വര്‍ഷം മുന്‍പ് നഷ്‌ടപ്പെട്ട ജീവിതത്തിലേക്ക് ഭണ്ടുവിന് തിരിച്ചു നടക്കാന്‍ നിമിത്തമായത് പൊന്നാനിയിലെ ഇ.സി.ആര്‍.സിയെന്ന മാതൃകാ പദ്ധതി. തെരുവില്‍ അലയുകയായിരുന്ന ഭണ്ഡുവിന് ഒന്നര വര്‍ഷം മുന്നെ അപകടം സംഭവിച്ചിരുന്നു. കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക അസ്വസ്‌ഥത പ്രകടിപ്പിച്ചതിനാല്‍ ഇ.സി.ആര്‍.സി. വളണ്ടിയര്‍മാര്‍ ഇദ്ദേഹത്തെ ഏറ്റെടുത്തു. 62 വയസ്സായിരുന്നു പ്രായം. സംസാരത്തിലെ വ്യക്‌തതക്കുറവ് കാരണം ബന്ധുക്കളെ കണ്ടെത്താന്‍ വൈകി. മൂന്നാഴ്‌ച മുന്‍പാണ് നാഗ്‌പൂരിലുള്ള ഭണ്ഡുവിന്റെ കുടുംബവുമായി ഇ സി ആര്‍സിയുടെ നോളജ് പാര്‍ട്‌ണര്‍മാരായ ദി ബനിയനിലെ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നത്.
വീഡിയോ കോളിലൂടെ ഭണ്ഡുവിനെ ഭാര്യ തിരിച്ചറിഞ്ഞു. പെട്ടെന്നുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയതായിരുന്നു ഇയാള്‍. രണ്ടര വര്‍ഷം മുന്‍പാണ് ഇയാളെ കാണാതായത്. ചികിത്സക്കൊടുവില്‍ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഭണ്ഡുവിനെ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.വി. സുധ, വൈസ് ചെയര്‍മാന്‍ സി.പി. സക്കീര്‍, ആരോഗ്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷനില്‍ കുമാര്‍, ശാന്തി പാലിയേറ്റീവ് ഭാരവാഹികളായ വി. ഷരീഫ്, അക്‌ബര്‍ മൂസ, സി.വി. അബൂസാലിഹ്, ദി ബനിയന്‍ കേരള ചാപ്‌റ്റര്‍ പ്രതിനിധി ശ്യാപ്പിന്‍ ഭാസ്‌ക്കര്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയാക്കി.
കെ.വി. നദീര്‍
പൊന്നാനി