-->
പനമരം: തോടുകളിലും കനാലുകളിലും റോഡരികിലും മാലിന്യം തള്ളുന്നതിന് പുറമേ ടൗണിലെ ഓടകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നതും ദുരിതമാകുന്നു. ടൗണിലെ ഓടകളില്‍ മാലിന്യം നിറഞ്ഞതോടെ രൂക്ഷമായ കൊതുക് ശല്യവുമുണ്ട്. വ്യാപാര സ്‌ഥാപനങ്ങളില്‍നിന്നു മലിനജലം ഓടയിലേക്കു ഒഴുക്കുന്നതാണ് മലിനജലം കെട്ടിക്കിടക്കാന്‍ പ്രധാന കാരണം.
മാലിന്യം കെട്ടിക്കിടക്കുന്ന ടൗണിലെ ഓടകള്‍ പോലും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാത്തതിനാല്‍ ഓടകളില്‍ പ്ലാസ്‌റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യം നിറയുന്നതിനും മറ്റും കാരണമാകുന്നു. പഞ്ചായത്ത് ഓഫിസിന് അടുത്തുള്ള ചില ഓടയില്‍ക്കൂടി വന്‍തോതില്‍ മലിനജലം ഒഴുക്കിയതും ഇത് കെട്ടിക്കിടക്കുന്നതും അസഹ്യമായ ദുര്‍ഗന്ധത്തിനും കൊതുക്, ഈച്ച എന്നിവ വളര്‍ന്നു പെരുകുന്നതിനും കാരണമാകുന്നു നാട്ടുകാര്‍ പരാതി പറഞ്ഞാലും മലിനജലം ഒഴുക്കുന്നവരും പഞ്ചായത്തും കേട്ടതായി പോലും നടിക്കാറില്ല.
പരാതി ഏറുമ്പോള്‍ വല്ലപ്പോഴും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌ഥലം സന്ദര്‍ശിച്ച് ചെറിയ പിഴ ചുമത്തിയെങ്കിലായി എന്നും നാട്ടുകാര്‍ പറയുന്നു. പൊതുസ്‌ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുന്‍ ഭരണ സമിതികള്‍ തീരുമാനം എടുത്തിരുന്നെങ്കിലും കാര്യമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ ടൗണ്‍ പരിസരത്ത് വലിയ പാലത്തിന് അടുത്തുവരെ മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. തോടുകള്‍, ഓടകള്‍ എന്നിവയില്‍ സാനിറ്ററി നാപ്‌കിന്‍ അടക്കം പ്ലാസ്‌റ്റിക് കവറുകളില്‍ നിറച്ച് തള്ളുന്നവരുമുണ്ട്. ഇത്തരക്കാരെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്നും ടൗണിലെ ഓടകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴിവാക്കി ഓടകളിലേക്ക് മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ ശക്‌തമായ നടപടി എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.