-->
പനമരം: ബീനാച്ചി പനമരം റോഡ് പണി നിലച്ചതോടെ പൊടിശല്ല്യം രൂക്ഷമാകുന്നു.കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി കരാര്‍ നല്‍കി പ്രവൃത്തി ആരംഭിച്ച റോഡുപണിയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാതെ ജനങ്ങളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നത്. പുഞ്ചവയല്‍ മുതല്‍ പനമരം ടൗണ്‍ വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തിയാണ് നിലച്ചത്. പണി നിലച്ചതോടെ പൊളിച്ചിട്ടതും തകര്‍ന്നുകിടക്കുന്നതുമായ ഈ ഭാഗത്ത് റോഡിനിരുവശത്തുമുള്ള കുടുംബങ്ങളും കച്ചവടക്കാരും യാത്രക്കാരും വാഹനങ്ങള്‍ കടന്നു പോകുമ്പോഴുള്ള പൊടി മൂലം പൊറുതിമുട്ടുകയാണ്. മാത്തൂര്‍ വയല്‍ മുതല്‍ പനമരം ടൗണ്‍ വരെയുള്ള ഭാഗത്തെ ജനങ്ങളാണ് പൊടിശല്യം മൂലം ഏറെ ദുരിതത്തിലായത്.
കരാര്‍ കമ്പനി ഈ ഭാഗത്തെ പണി നിര്‍ത്തി മറ്റൊരു റോഡ് പണിക്ക് പോയതിനാല്‍ റോഡ് നനയ്‌ക്കാന്‍ പോലും കുട്ടാക്കാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. റോഡ് നനയ്‌ക്കാത്തതു മൂലം മാത്തൂര്‍ പാദ്രേപിയോ പള്ളിക്ക് സമീപത്തെ കച്ചവടക്കാരും വാഹന വര്‍ക്ഷോപ് ജീവനക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.പൊടിശല്യം മൂലം വര്‍ക്ഷോപ്പില്‍ ഇരുന്ന് പണി എടുക്കാന്‍ കഴിയാതായതോടെ വര്‍ക്ഷോപ് നടത്തുന്നവര്‍ സ്വന്തം നിലയ്‌ക്ക് ഒരു ദിവസം തന്നെ പല തവണ മോട്ടര്‍ വച്ച് റോഡിലേക്ക് വെള്ളം പമ്പ് ചെയ്‌താണ് വര്‍ക്ഷോപ്പിലിരുന്ന് പണിയെടുക്കുന്നത്. പണി നിര്‍ത്തിവച്ചതിനു പിന്നില്‍ പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇതു പരിഹരിക്കുന്നതു വരെ റോഡിലെ പൊടിശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടെ പാലത്തിന്റെ പണി പൂര്‍ത്തീകരിച്ച് അപ്രോച്ച് റോഡില്‍ സോളിങ് നിരത്തി വാഹനഗതാഗതം ആരംഭിച്ചെങ്കിലും ബാക്കി പണികള്‍ പൂര്‍ത്തീകരിക്കാത്തതും മെറ്റലുകള്‍ ഇളകി തുടങ്ങിയതും ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. അപ്രോച്ച് റോഡ് പലപ്പോഴും പേരിനു മാത്രം നനയ്‌ക്കുന്നതിനാല്‍ ഈ ഭാഗത്തും പലപ്പോഴും വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പൊടിശല്യം രൂക്ഷമാണ്. 22.200 കിലോമീറ്റര്‍ ദൂരമുള്ള ബീനാച്ചി പനമരം റോഡ് പ്രവൃത്തികള്‍ക്കായി കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി 54. 4 കോടി രൂപ അനുവദിച്ച് 2019 ജൂണില്‍ ആരംഭിച്ച പ്രവൃത്തിയാണ് 6 വര്‍ഷം കഴിഞ്ഞും പൂര്‍ണമായും പൂര്‍ത്തീകരിക്കാതെ ജനങ്ങള്‍ക്ക് പണി കൊടുത്ത് ഇഴയുന്നത്.
ആദ്യ കരാറുകാരന്റെ അലംഭാവം മൂലം ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികളെ തുടര്‍ന്ന് ബീനാച്ചി മുതല്‍ അരിവയല്‍ വരെയും നടവയല്‍ പള്ളിത്താഴെ മുതല്‍ പനമരം വരെയുമുള്ള പ്രവൃത്തി 9 മീറ്റര്‍ വീതിയില്‍ ടാറിങ് നടത്താന്‍ മറ്റൊരു കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും ഈ കരാറുകാരനും പണി ഇട്ടു താമസിപ്പിച്ച് ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്ന രീതി തുടരുകയാണ്. എത്രയും പെട്ടെന്ന് പുഞ്ചവയല്‍ മുതല്‍ പനമരം ടൗണ്‍ വരെയുള്ള ഭാഗത്തെ റോഡ് പണി പൂര്‍ത്തീകരിക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ ശക്‌തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.