-->
പുല്‍പള്ളി: വയനാടന്‍ കാലാവസ്‌ഥയില്‍ ധാരാളമായി കായ്‌ക്കുന്ന സപ്പോട്ടയ്‌ക്ക് (ചിക്കു) വിപണിയില്‍ വിലയില്ലാത്ത അവസ്‌ഥ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കാര്യമായ പരിചരണമില്ലെങ്കിലും വയനാടന്‍ കാലാവസ്‌ഥയില്‍ ഏറെ കായ്‌ക്കുന്ന സപ്പോട്ട മരം മിക്ക കര്‍ഷക കുടുംബങ്ങളിലുമുണ്ട്. മറ്റു കൃഷികളില്‍ നിന്നും വരുമാനമില്ലാത്ത സാഹചര്യത്തില്‍ ഇത്തരം കൃഷികളിലൂടെ ലഭിക്കുന്ന ചെറിയ ആധായം കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു.
എന്നാല്‍ വിപണിയില്‍ 10 രൂപ മാത്രമാണ് ഇപ്പോള്‍ ഇതിന് വില കിട്ടുന്നത്. സാധാരണയായി ചിക്കു എന്ന പേരിലുമറിയപ്പെടുന്ന സപ്പോട്ടിക്ക അധികമായും ജൂസ് പോലുള്ള വിഭവങ്ങള്‍ക്കും പള്‍പ്പ് ശേഖരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഇത്തരം പഴങ്ങള്‍ സംസ്‌കരിച്ചെടുക്കുന്നതിന് സൗകര്യം അപര്യാപ്‌തമാണ്. കര്‍ഷകരുടെ ഇത്തരം വിളകള്‍ക്ക് താങ്ങാകുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ലാത്തതും പ്രശ്‌നമാണ്.
വയനാട്ടിലെ കുരുമുളക് കൃഷിയുടെ നാശത്തെ തുടര്‍ന്ന് ഇതുപോലുള്ള കായ്‌ഫലങ്ങളെ ചെറുകിട കര്‍ഷകര്‍ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിപണിയില്‍ ഇടപെടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ ആര്‍ക്കും വേണ്ടാത്ത അവസ്‌ഥയാണുള്ളത്.
ഇത്തരം പഴവര്‍ഗ്ഗങ്ങള്‍ സംഭരിക്കുകയും വിപണിയിലെത്തിച്ചു കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. ജില്ലയിലോ, സമീപ ജില്ലകളിലോ ഇത്തരം പഴവര്‍ഗ്ഗങ്ങള്‍ സംസ്‌കരിക്കുന്നതിനും ആവശ്യമായ സംവിധാനങ്ങളില്ല. മൂത്ത് പാകമായാല്‍ കരിമ്പിനേക്കാള്‍ മാധുര്യമൂറുന്ന സപ്പോട്ടയില്‍ നിന്ന് ഉപോല്‍പ്പന്നങ്ങള്‍ ശാസ്‌ത്രീയമായി വേര്‍തിരിച്ച് എടുക്കാന്‍ സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു.
എന്നാല്‍ കൃഷി വകുപ്പടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാകാത്തതിനാല്‍ കര്‍ഷകര്‍ കിട്ടുന്ന വിലയ്‌ക്ക് ഇത്തരം പഴവര്‍ഗ്ഗങ്ങള്‍ കണ്ണീരോടെയെങ്കിലും വിറ്റൊഴിവാക്കുകയാണ്.