-->
കോട്ടയം: കല്ലന്‍ തുമ്പി വൈവിധ്യം കുറഞ്ഞു, മലിനീകരണത്തോത് വര്‍ധിക്കുന്നതിന്റെ സൂചനയായി ചങ്ങാതി തുമ്പികള്‍ എമ്പാടും. സാമൂഹ്യ വനവത്‌കരണ വിഭാഗം ട്രോപ്പിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും ചേര്‍ന്നു നടത്തിയ പത്താമത് മീനച്ചില്‍ തുമ്പി സര്‍വേയിലാണു കണ്ടെത്തല്‍. കാലാവസ്‌ഥാ മാറ്റത്തിന്റെ സൂചകമായി ജില്ലയില്‍ സാധാരണയായി കാണപ്പെടാത്ത ഒന്നിലേറെ ഇനം തുമ്പികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.
മീനച്ചിലാറിന്റെ ആരംഭസ്‌ഥാനമായ മേലടുക്കം മാര്‍മല വെള്ളച്ചാട്ടം മുതല്‍ പതനസ്‌ഥാനമായ പഴുക്കാനിലക്കായല്‍ വരെ നടത്തിയ സര്‍വേയില്‍ തുമ്പി വൈവിധ്യം മാറ്റമില്ലാതെ തുടരുന്നതായി പഠന റിപ്പോര്‍ട്ട്. തുമ്പി വൈവിധ്യം നിലനില്‍ക്കുന്നതായി കണ്ടെത്തിയ സര്‍വേയില്‍ 24 കല്ലന്‍തുമ്പികളും 20 സൂചിതുമ്പികളും ള്‍പ്പെടെ 44 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളില്‍ കണ്ടെത്താനായത്.
മുന്‍ വര്‍ഷങ്ങളിലെ സര്‍വേ ഫലങ്ങള്‍ പ്രകാരം സാധാരണയായി കൂടുതലായി കണ്ടിരുന്ന കല്ലന്‍തുമ്പികളുടെ വൈവിധ്യമാണ് സൂചിതുമ്പികളെ അപേക്ഷിച്ചു സാരമായി കുറഞ്ഞത്.
കാലാവസ്‌ഥാമാറ്റവും മലിനീകരണവും തുമ്പികളുടെ വൈവിധ്യത്തെ ബാധിക്കുന്നുണ്ടെന്ന് വ്യക്‌തമാണ്. മീനച്ചിലാറിന്റെ ആരംഭസ്‌ഥാനമായ മേലടുക്കം ഒഴികെ ചങ്ങാതിതുമ്പികളെ എല്ലായിടത്തും ധാരാളമായി കണ്ടെത്തി. മലിനീകരണത്തോത് വര്‍ധിക്കുന്നതിന്റെ സൂചകമാണ് ചങ്ങാതി തുമ്പികളുടെ എണ്ണവും വര്‍ധിക്കുന്നത്. സ്വാമി തുമ്പി , നാട്ടു പൂത്താലി, മകുടി വാലന്‍ തുമ്പി എന്നിവയെ മീനച്ചിലാറിന്റെ തീരങ്ങളില്‍ ഉടനീളം കാണപ്പെട്ടു. ഉയരം കൂടിയ സ്‌ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന, ജില്ലയില്‍ സാധാരണമല്ലാത്ത മഞ്ഞ കറുപ്പന്‍ മുളവാലന്‍, ചെറുവെണ്ണീറന്‍ എന്നി തുമ്പികളെ കിടങ്ങൂര്‍, ഇല്ലിക്കല്‍ മുതലായ ഇടങ്ങളില്‍ കണ്ടെത്താനായി.
മീനച്ചിലാറിന്റെ തുടക്കഭാഗത്ത ശുദ്ധജലസൂചകങ്ങളായ കരിംചെമ്പന്‍ അരുവിയന്‍, നീര്‍മാണിക്യന്‍ എന്നീ തുമ്പികളെ കണ്ടെത്തി . വര്‍ധിച്ചു വരുന്ന ജല പരിസ്‌ഥിതിയുടെ നാശം തുമ്പികളെ മാത്രമല്ല,മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും വിളകളുടെയും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നു സര്‍വേക്ക് നേതൃത്വം നല്‍കിയ സാമൂഹ്യ വനവത്‌കരണ വിഭാഗം അസിസ്‌റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുബാഷ്, ടൈസ് പ്രസിഡന്റ് ഡോ. കെ. എബ്രഹാം സാമുവേല്‍ എന്നിവര്‍ പറഞ്ഞു. ഡോ. പുന്നന്‍ കുര്യന്‍, ഡോ. നെല്‍സണ്‍ പി. എബ്രഹാം, എം.എന്‍ അജയകുമാര്‍, എന്‍.ബി. ശരത് ബാബു, ടോണി ആന്റണി, എം. തോമസ് യാക്കോബ്, അമൃത വി. രഘു,കെ.എം. ഗിരി എന്നിവര്‍ നേതൃത്വം നല്‍കി.