-->
ശ്രീകണ്‌ഠാപുരം: ഗ്രാമിണമേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് അക്ഷരാഭ്യാസം ലഭ്യമാക്കുന്നതിന് സ്‌കൂളുകളില്ലാതിരുന്ന കാലത്ത് നിരവധി കുടുംബങ്ങള്‍ വസിച്ചിരുന്ന നിടിയേങ്ങ ഗ്രാമത്തിലെ കുട്ടികള്‍ക്ക് അറിവ് നല്‍കുന്നതിനു വേണ്ടി പ്രദേശത്ത് താമസക്കാരനായ പി.പി.കണ്ണന്‍ രംഗത്ത് വരികയും അതിനു വേണ്ടി ചേപ്പറമ്പില്‍ ഒരു വീട് കണ്ടെത്തി ഏകാധ്യാപക സ്‌കൂളിന് 1926 ല്‍ തുടക്കം കുറിക്കുകയും ചെയ്‌തു. സ്‌കൂളിന്റെ ആരംഭത്തോടു കൂടി സമീപ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ അറിവ് നേടുന്നതിന് ചേപ്പറമ്പ് സ്‌കുളിലേക്കെത്തുകയായിരുന്നു. നൂറ് വര്‍ഷം മുന്‍പ് മുതല്‍ അക്ഷരലോകത്തേക്ക് ഗ്രാമവാസികളെ എത്തിക്കുന്നതിനു വേണ്ടി കണ്ണന്‍ മാസ്‌റ്ററോടൊപ്പം പ്രദേശത്തുള്ള നിരവധി പേര്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. സാധാരണക്കാരായ കര്‍ഷക കുടുംബങ്ങളിലെ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചാനയിച്ച ചേപ്പറമ്പ് എസ്.എന്‍.വി എ.എല്‍.പി സ്‌കൂള്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1926 ഏപ്രില്‍ മാസം ആരംഭിച്ച സ്‌കൂളില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള എല്‍.പി സ്‌കൂളായി പ്രവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഒട്ടേറെ പ്രതിഭകളെ സൃഷ്‌ടിക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചു.
ഔദ്യോഗിക രംഗത്തും കലാകായിക മേഖലകളിലും കഴിവു തെളിയിച്ച നിരവധി വ്യക്‌തികളുടെ പ്രാഥമിക വിദ്യാലയമായി മാറാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇരിക്കൂര്‍ ഉപജില്ലയിലും, കണ്ണൂര്‍ ജില്ലയിലും അക്കാദമിക മികവില്‍ മികച്ച സ്‌ഥാനം നേടാന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ആരംഭിച്ച ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം വിവിധ പരിപാടികളോടെ മാര്‍ച്ച് മാസത്തില്‍ ആഘോഷിക്കപ്പെടുകയാണ്. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. മുന്‍കാല പിടിഎ ഭാരവാഹികളെ ആദരിക്കല്‍, ജില്ലയിലെ പ്രമുഖ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന സാഹിതീയം ലിറ്ററേച്ചര്‍ ഫെസ്‌റ്റ് എന്നിവ ഇതിനോടകം നടന്നു കഴിഞ്ഞു. നിലവില്‍ വിദ്യാലയത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തിയുള്ള കുടുംബ സംഗമം സംഘടിപ്പിച്ചു. വി.കെ സുരേഷ് ബാബു പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഫെബ്രുവരി മാസം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും.
നൂറു വര്‍ഷത്തിനിടയില്‍ ഇവിടെ പഠിച്ച പരമാവധി പൂര്‍വവിദ്യാര്‍ത്ഥികളെ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകസമിതി. സംഘാടക സമിതി ചെയര്‍മാനായി എന്‍.എ ഉമേഷ്, കണ്‍വീനര്‍ കെ.ജെ ജോണി, ഖജാന്‍ജി കെ രഞ്‌ജിത്ത്. അധ്യാപക രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ സി.കെ സതീശന്‍, ജിന്‍സി ജോയ് എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് മാസം നടക്കുന്ന വിപുലമായ ആഘോഷ പരിപാടികളോടെ സ്‌കൂളിന്റെ ഒരു വര്‍ഷമായി നടത്തി വരുന്ന ശതാബ്‌തി ആഘോഷങ്ങള്‍ക്ക് സമാപനം ആകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംഘാടക സമിതി ഭാരവാഹികളായ കെ.ജെ ജോണി, എന്‍.എ ഉമേഷ്, പ്രഥമാധ്യാപകന്‍ പി.കെ ശ്രീജിത്ത് എസ്.ആര്‍.ജി കണ്‍വീനര്‍ പി.പി അജയന്‍ പിടിഎ പ്രസിഡന്റ് സി.കെ സതീശന്‍ പറഞ്ഞു.