-->
കടുത്തുരുത്തി: കല്ലറയില്‍ പുതിയതായി നിര്‍മിച്ച പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. പോലീസ് സ്‌റ്റേഷനുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട പഴയ സങ്കല്‍പ്പം തന്നെ മാറിയിരിക്കുന്നു. പരാതിയുമായി വരുന്നവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കുന്നതിനായി ഹെല്‍പ് ഡെസ്‌ക് ഉള്‍പ്പെടെയുളള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക സംവിധാനങ്ങളുണ്ട്. കേരള പോലീസിനു ജനസൗഹൃദ മുഖം നല്‍കാന്‍ സാധിച്ചതു സംസ്‌ഥാന സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലറ പോലീസ് സ്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എസ്. ഷിജു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്‌റ്റിന്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനിമോള്‍ ബാബു, പഞ്ചായത്തംഗം ടിന്റു ജോസഫ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, കേരള പോലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. സദന്‍, കേരള പോലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന ട്രഷറര്‍ പ്രേംജി കെ. നായര്‍, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കെ.എന്‍. അജിത്‌കുമാര്‍, മുന്‍ വൈക്കം ഡിവൈ.എസ്.പി സിബിച്ചന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.