-->
കോട്ടയം: സ്വര്‍ണം ലക്ഷ്യം... ക്രമസമാധാന പ്രശ്‌നങ്ങള്‍ കുറഞ്ഞ ജില്ലകള്‍ തേടി മോഷ്‌ടാക്കള്‍. പോലീസ് സാന്നിധ്യം കുറവായ കേന്ദ്രങ്ങള്‍ കോട്ടയം പോലുള്ള ഇത്തരം ജില്ലകളിലുണ്ടെന്നതും മോഷ്‌ടാക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമാകുന്നു. പുതുപ്പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായതും സമാനമായ മോഷണമാണെന്നാണു പോലീസ് സംശയിക്കുന്നത്.
ക്രിമിനല്‍ പ്രവര്‍ത്തനം കൂടിയ ജില്ലകളില്‍ പോലീസ് നിരീക്ഷണം ശക്‌തമായതോടെ കാര്യമായ പ്രശ്‌നങ്ങളില്ലാത്ത ജില്ലകളിലേക്കു ക്രിമിനലുകളും മോഷ്‌ടാക്കളും എത്തുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്ക് കടന്ന അന്യസംസ്‌ഥാനത്തുനിന്ന് അടക്കമുള്ള ക്രിമിനല്‍ സംഘങ്ങള്‍ ഇത്തരത്തില്‍ വരുന്നവരാണെന്നാണു സൂചന.ക്രിമിനല്‍ പ്രവര്‍ത്തനം കുറവായതിനാല്‍ കാര്യമായി പോലീസ് സാന്നിധ്യമില്ലാത്ത ജില്ലകളിലേക്കു മാറുകയെന്നതാണു മോഷ്‌ടാക്കളുടെ തന്ത്രം. ഉത്തരേന്ത്യന്‍ സംഘങ്ങള്‍ അടക്കം തിരിഞ്ഞിട്ടുണ്ട്. പലവേഷത്തില്‍ തമ്പടിച്ചു വന്‍മോഷണം നടത്തി മുങ്ങുന്നതാണു രീതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്ന ജില്ലകളില്‍ പോലീസ് പരിശോധന കൂടിയതും സംഘാംഗങ്ങള്‍ അകത്തായതും മോഷണ ശ്രമങ്ങള്‍ പരാജയപ്പെട്ടതും അടക്കമുള്ള കാരണങ്ങളാണു താവളം മാറ്റുന്നതിനു പിന്നില്‍. കൃത്യമായ ലക്ഷ്യത്തോടെ ഒത്തുകൂടുകയും നിരീക്ഷണം ശക്‌തമാക്കി അനുകൂല ദിവസം ഓപ്പറേഷന്‍ നടത്തി മുങ്ങുകയുമാണ്. അന്വേഷണം ശക്‌തമാകുമ്പോഴേയ്‌ക്കും താവളങ്ങളില്‍ ഒളിച്ചിട്ടുണ്ടാവും. അവിടെ നിന്നു പ്രതികളെ കണ്ടെത്തുകയെന്നത് അത്ര എളുപ്പവുമല്ല. ഈ സാഹചര്യത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പോലീസ് നിരീക്ഷണം ശക്‌തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.വില കുത്തനെ കൂടിയതിനാല്‍ കള്ളന്‍മാര്‍ക്കും സ്വര്‍ണത്തോട് ഭ്രമം. പണത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണം ലക്ഷ്യമാക്കുകയാണു മോഷ്‌ടാക്കള്‍. വില്‍ക്കുന്നതില്‍ റിസ്‌കുണ്ടെങ്കിലും ഉരുക്കാനും വില്‍ക്കാനും പ്രത്യേക സംഘങ്ങളുണ്ട്. മധ്യതിരുവതാംകൂറുകാരുടെ സ്വര്‍ണഭ്രമമും മോഷ്‌ടാക്കളുടെ ശ്രദ്ധയിലേക്ക് ഈ ജില്ലകള്‍ എത്താന്‍ കാരണമാകുന്നതായി പോലീസ് സംശയിക്കുന്നു.