-->
ആലപ്പുഴ: വീടുകളിലേക്ക് പൈപ്പ് ലൈനിലൂടെയുള്ള പാചകവാതക വിതരണം വ്യാപിപ്പിക്കാനാകുന്നത് ജനങ്ങള്‍ക്കുള്ള പ്രധാന നേട്ടമാണെന്ന് പി.പി.ചിത്തരഞ്‌ജന്‍ എം.എല്‍.എ. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ വൃത്തിയുള്ള ഇന്ധനം ലഭിക്കുകയെന്നത് ആഡംബരമല്ല, അത് ഇക്കാലത്തെ ആവശ്യങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. പൈപ്പിലൂടെ പാചകവാതകം എത്തുന്നതിലൂടെ വീട്ടമ്മമാരുടെ ജീവിതം ലളിതമാകുയാണ്. ഈ ബദല്‍ ഇന്ധനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യണം. അതിലൂടെ കൂടുതല്‍ സുസ്‌ഥിരമായ ഭാവി ജില്ലയ്‌ക്കുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ആദ്യ ഗാര്‍ഹിക കണക്ഷന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പൊള്ളയില്‍ വീട്ടില്‍ പി. അരുന്ധതിക്കാണ് ആദ്യ കണക്ഷന്‍ ലഭിച്ചത്. സിറ്റി ഗ്യാസ് വിതരണ കമ്പനിയായ തിങ്ക് ഗ്യാസിന്റെ നേതൃത്വത്തില്‍ പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോര്‍ഡിന്റെ പി.എന്‍.ജി.ആര്‍.ബി 2.0 ദേശീയ പ്രചരണ പരിപാടിയുടെ ഭാഗമായിട്ടാണ് കണക്ഷന്‍ നല്‍കിയത്. സുരക്ഷിതവും തടസങ്ങളില്ലാതെ പ്രകൃതിവാതകം എല്ലാ വീടുകള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പി.എന്‍.ജി.ആര്‍.ബി.യുടെ 2.0 ദേശീയ പ്രചാരണ പരിപാടിയെന്ന് ഡപ്യൂട്ടി ഡയറക്‌ടര്‍ (ടെക്‌നിക്കല്‍) ഗഗന്‍ അഗര്‍വാള്‍ വ്യക്‌തമാക്കി. രാജ്യത്തിന്റെ പ്രകൃതിവാതക വിതരണത്തിന്റെ പങ്ക് 2030 ആകുമ്പോഴേക്കും 15 ശതമാനത്തില്‍ എത്തിക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ തിങ്ക് ഗ്യാസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി.അംബുജാക്ഷന്‍ അധ്യക്ഷനായി. പി.എന്‍.ജി.ആര്‍.ബി. ഡെപ്യൂട്ടി ഡയറക്‌ടര്‍ (ടെക്‌നിക്കല്‍) ഗഗന്‍ അഗര്‍വാള്‍, പി.എന്‍.ജി.ആര്‍.ബി. അസിസ്‌റ്റന്റ് കണ്‍സള്‍ട്ടന്റ് (ടെക്‌നിക്കല്‍) അംബിഷേക് തിവാരി, തിങ്ക് ഗ്യാസ് ജി.എ.മേധാവി ദീപു ജോണ്‍, പഞ്ചായത്ത് എട്ടാം വാര്‍ഡംഗം വി.സേതുനാഥ്, തിങ്ക് ഗ്യാസ് ജില്ലാ മാനേജര് പ്രവീണ്‍ ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു.