-->
കായംകുളം: കഴിഞ്ഞ ഒരു ദശാബ്‌ദമായി കേരളം വര്‍ഗീയ സംഘര്‍ഷങ്ങളോടു വിടപറഞ്ഞു നില്‍ക്കുന്നുവെന്നും ഇതിനു കാരണം പോലീസിന്റെ കൃത്യമായ ഇടപെടലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കരീലക്കുളങ്ങരയില്‍ പുതുതായി നിര്‍മിക്കുന്ന പോലീസ് സ്‌റ്റേഷന്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ പോലീസിനു കഴിയുന്നുണ്ട്. സംസ്‌ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ അടിസ്‌ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ മികച്ച ശ്രദ്ധ ചെലുത്തുന്നുണ്ട്.
പഴയ പോലീസ് സ്‌റ്റേഷന്‍ എന്ന സങ്കല്‌പം മാറിയെന്നും പരാതിയുമായി എത്തുന്നവര്‍ക്ക് മറ്റുതരത്തിലുള്ള പരാതികള്‍ ഇല്ലാതിരിക്കാനാണ് സ്‌റ്റേഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്‌ഥാപിച്ച മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കരീലക്കുളങ്ങര കോ ഓപ്പറേറ്റീവ് സ്‌പിന്നിങ് മില്ലില്‍ നടന്ന ചടങ്ങില്‍ യു.പ്രതിഭ എം.എല്‍.എ അധ്യക്ഷയായി. ആലപ്പുഴ കോ-ഓപ്പറേറ്റീവ് സ്‌പിന്നിങ് മില്‍ സൗജന്യമായി വിട്ടു നല്‍കിയ 25 സെന്റ് സ്‌ഥലത്താണ് മൂന്ന് കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
മില്ലിന് സമീപത്തെ വസ്‌തുവില്‍ 7405 ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ ഇരുനില കെട്ടിടമാണ് ഒരുങ്ങുന്നത്. ഒന്നാം നിലയില്‍ കാത്തിരിപ്പു ഭാഗം, റിസപ്‌ഷന്‍, പി.ആര്‍.ഒ, എസ്.എച്ച്.ഒ ഓഫീസുകള്‍, റൈറ്റര്‍ ക്യാബിന്‍, ക്രൈം, ലോ ആന്‍ഡ് ഓര്‍ഡര്‍ എസ്.ഐമാരുടെ ഓഫീസുകള്‍, ബെല്‍ ഓഫ് ആംസ്, ക്രൈം വര്‍ക്ക് മുറി, കമ്പ്യൂട്ടര്‍ മുറി, പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകമായി ലോക്കപ്പുകള്‍, മീറ്റിങ് ഹാള്‍, ശുചിമുറികള്‍ എന്നിവയാണ് സജ്‌ജീകരിക്കുന്നത്. രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, പുരുഷന്മാരുടെ വിശ്രമമുറി, എ.എസ്.ഐമാരുടെ ഓഫീസ്, തൊണ്ടി മുറി, വര്‍ക്ക് റൂം, റെക്കോര്‍ഡ്‌സ് മുറി, വനിതാ സി.പി.ഒ വിശ്രമമുറി, അടുക്കള, ഡൈനിങ് ഹാള്‍ എന്നിവയും ഒരുക്കും. കൂടാതെ ശിശുസൗഹൃദ മുറിയും കെട്ടിടത്തിന് സമീപത്തായി നിര്‍മ്മിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തത്തിനാണ് നിര്‍മാണ ചുമതല.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് താഹ, കായംകുളം സബ് ഡിവിഷന്‍ ഡിവൈ.എസ്.പി ബിനു കുമാര്‍, പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം ലിഷ അനു പ്രസാദ്, പത്തിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലേഖ, പഞ്ചായത്തംഗം ദീപക് എരുവ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി സി.ആര്‍ ബിജു, എ.പി.എ ജില്ലാ സെക്രട്ടറി ആന്റണി രതീഷ്, ആലപ്പുഴ കോ- ഓപ്പറേറ്റീവ് സ്‌പിന്നിങ് മില്‍ എം.ഡി പി.എസ് ശ്രീകുമാര്‍, കരീലക്കുളങ്ങര പോലീസ് സേ്‌റ്റഷന്‍ ഇന്‍സ്‌പെക്‌ടര്‍ ജെ.നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.