Wednesday, March 11, 2026 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.05 AM

കാട്ടാനശല്യത്തില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി

പനമരം: കാട്ടാനശല്യത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്‌ പനമരം വനാതിര്‍ത്തിഗ്രാമങ്ങിലെ കര്‍ഷകര്‍. നെല്ല്‌, കാപ്പി, കുരുമുളക്‌ തുടങ്ങി കാര്‍ഷികവിളകള്‍ വിളവെടുക്കുന്ന കാലത്ത്‌ കാട്ടാനയിറങ്ങി വ്യാപകമായി നാശം വിതക്കുകയാണ്‌. പനമരത്തെ വനാതിര്‍ത്തിഗ്രാമങ്ങളായ നീര്‍വാരം, ദാസനക്കര, കല്ലുവയല്‍, അമ്മാനി, പുഞ്ചവയല്‍ തുടങ്ങി പ്രദേശങ്ങളില്‍ ഇപ്പോള്‍ കാട്ടാനകള്‍ സ്‌ഥിരംസന്ദര്‍ശകരായതാണ്‌ കര്‍ഷകരെ പ്രതിരോധത്തിലാക്കുന്നത്‌. വന്യമൃഗങ്ങള്‍ തിന്നും നശിപ്പിച്ചും തീര്‍ത്തതിന്റെ ശേഷിക്കുന്ന വിളകള്‍ വിളവെടുക്കുന്ന കര്‍ഷകര്‍ക്ക്‌ ഇരട്ടപ്രഹരമാണിപ്പോള്‍. തൊഴിലാളിക്ഷാമം ഉള്‍പ്പെടെ രൂക്ഷമായ കാലത്തെ കാട്ടാനശല്യം വലിയ തിരിച്ചടിയാണ്‌ നല്‍കുന്നത്‌. ശനിയാഴ്‌ച്ച പുലര്‍ച്ചെ ജനവാസമേഖലയായ കൈതക്കലില്‍ എത്തിയ കാട്ടാനകള്‍ കുലച്ചതും കുലക്കാറായതുമായ നൂറോളം വാഴകളും പത്ത്‌ തെങ്ങും തൈകളും 15 ഓളം കവുങ്ങുകളും ഒറ്റരാത്രികൊണ്ട്‌ നശിപ്പിച്ചിരുന്നു. ഒരാഴ്‌ചമുന്‍പ്‌ നീര്‍വാരത്ത്‌ വീട്ടുമുറ്റത്ത്‌ ഉണക്കാനിട്ട 15 കിന്റലോളം നെല്ലും തൊട്ടടുത്ത ദിവസം പാടത്ത്‌ കൂട്ടിയിട്ട നെല്ലും കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചിരുന്നു. ഈ കാട്ടാനകള്‍ തന്നെയാണ്‌ വനത്തില്‍ നിന്ന്‌ ഏറെ മാറിയുള്ള ജനവാസമേഖലയിലേക്ക്‌ എത്തുന്നതെന്നാണ്‌ വിവരം. വനാതിര്‍ത്തിയിലെ ഫെന്‍സിങ്‌, കിടങ്ങ്‌, കല്‍മതില്‍, വാച്ചര്‍മാര്‍ തുടങ്ങി പ്രതിരോധമാര്‍ഗങ്ങളിലെ അപാകമാണ്‌ കാട്ടാനകള്‍ കാടുവിട്ട്‌ ഗ്രാമങ്ങളിലെത്താന്‍ ഇടയാക്കുന്നതെന്ന്‌ കര്‍ഷകര്‍ പറയുന്നു. നെല്ല്‌ വിളവെടുപ്പുകാലത്ത്‌ കാട്ടാനഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ താല്‍ക്കാലിക വാച്ചര്‍മാരെ നിയമിക്കണമെന്ന കളക്‌ടറുടെ ഉത്തരവുണ്ടായിട്ടും, വാച്ചര്‍മാരെ നിയമിക്കാത്തത്‌ പ്രതിസന്ധി സൃഷ്‌ടിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Saturday 24 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW