-->
പന്തളം: അയ്യപ്പന്റെ പേരിലാണ് പന്തളം ലോകമെങ്ങും അറിയുന്നത്. എന്നാല്‍ ആ പേരില്‍ നിര്‍മിച്ച ബസ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നില്ല. പമ്പക്ക് ബസുമില്ല ഇതാണ് പന്തളത്തെ ഗതാഗതത്തിന്റെ പൊതുവായ അവസ്‌ഥ.
യാത്രക്കാരുടെ സുഗമയാത്ര ഒരു നാടിന്റെ അടിസ്‌ഥാനാവശ്യമാണ്. പന്തളം ഇക്കാര്യത്തില്‍ എക്കാലവും പരാജയം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളാല്‍ സമ്പുഷ്‌ടമായ നഗരത്തില്‍ ആകെയുള്ളത് ഒരു വെയിറ്റിംഗ് ഷെഡ് മാത്രം, എന്‍.എസ്.എസ്. ഗേള്‍സ് സ്‌കൂളിന് മുന്‍വശം. വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളിലേക്ക് പോകുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമില്ല. യാത്രക്കാര്‍ മഴയും, വെയിലും കൊള്ളണം. ആരാന്റെ കടതിണ്ണയാണ് യാത്രകാര്‍ക്ക് ശരണം. നഗരത്തില്‍ ബസ് നിര്‍ത്തുന്നത് ഡ്രൈവര്‍ക്ക് തോന്നുംപോലെ. ബസ് സ്‌റ്റോപ്പ് എന്ന ബോര്‍ഡുകള്‍ പേരിന് മാത്രം.
കെ.എസ്.ആര്‍.ടി.സി. ഡീലക്‌സ്, എല്‍.എസ്, ഏ.സി എന്നിവ സ്‌റ്റാന്‍ഡില്‍ കയറില്ല. അത് നഗരം വഴി പോകുക മാത്രം.
നഗരത്തില്‍നിന്നു 400 മീറ്റര്‍ പടിഞ്ഞാറ് 1982ല്‍ പഴമക്കാര്‍ കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്റര്‍ എന്ന സ്വപ്‌നം സഫലമാക്കി. എന്നാല്‍ മൂന്നര ഏക്കറിന് അടുത്ത് സ്‌ഥലമുള്ള സ്‌റ്റാന്‍ഡ് ഇരിഞ്ചുപോലും വളര്‍ന്നില്ല. 17 ഷെഡ്യൂള്‍ഡ് തുടക്കത്തില്‍ ഉണ്ടായിരുന്നത് ഇന്നത് 13 ആയി തീര്‍ന്നു. 2004-ല്‍ രമേശ് ചെന്നിത്തലയുടെ എം.പി. ഫണ്ടില്‍നിന്നു തുക അനുവദിച്ച് ചെറിയ ഒരു ഇരു നില കെട്ടിടം നിര്‍മ്മിച്ചു. ഇതുമാത്രം മിച്ചം. ജീവനക്കാരുടെ കാര്യം വളരെ ദയനീയം.അവര്‍ക്ക് വിശ്രമിക്കുവാന്‍ ഒരു ചെറിയ സൗകര്യത്തിനായി ജനപ്രതിനിധികളുടെ മുന്നില്‍ കേഴാന്‍ തുടങ്ങിയിട്ട് കാലമേറയായി. വാഗ്‌ദാനം മാത്രമാണ് മിച്ചം. ജില്ലയില്‍ ഏറ്റവും മുന്തിയ വരുമാനമുണ്ടായിരുന്ന ബസ് സ്‌റ്റേഷന്‍. കാലം ഏറെ കടന്നുപോയിട്ടും ഇന്നും അടുരിന്റെ പരിധിയില്‍ഒരു ഓപ്പറേറ്റിംഗ് സെന്റര്‍ മാത്രമാണ്.
രണ്ടു ലക്ഷത്തി മുപ്പതിനായിരം രൂപ ഇന്നും ഈ ചെറിയ സെന്ററില്‍ വരുമാനം. ദീര്‍ഘദൂര സര്‍വീസുകള്‍ മിക്കതും വെട്ടിക്കുറച്ചു. അയ്യന്റെ നാട്ടില്‍നിന്നു പമ്പയ്‌ക്ക് ഉള്ള ബസ് നിര്‍ത്തല്‍ ചെയ്‌തു. സീസണില്‍ മാത്രം ഇത് പരിമിതപ്പെടുത്തി.
വര്‍ക്‌സ് ഷോപ്പില്‍ ജീവനക്കാരില്ല, ഡ്രൈവര്‍ - കണ്ടക്‌ടറന്മാരുടെ ഒഴിവുകള്‍ നികത്തി കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഡ്രൈവിംഗ് സ്‌കൂള്‍ അനുവദിച്ചിട്ടും തുടങ്ങാന്‍ മടിക്കുന്നു. പന്തളം കെ.എസ്.ആര്‍.ടി.സിയുടെ കുതിച്ച് ചാട്ടത്തിന് സഡണ്‍ ബ്രേക്കിട്ടത് ആര്? ഇതിന്റെ സമിപത്താണിപ്പോള്‍ നഗരസഭ മുന്‍ ഭരണസമിതി സ്വാമി അയ്യപ്പന്‍ മുനിസിപ്പല്‍ ബസ് ടെര്‍മിനര്‍ സ്‌ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്‌റ്റംബര്‍ 30 ന് നാടറിഞ്ഞ് കേന്ദ്ര മന്ത്രി ഉദ്‌ഘാടനവും നിര്‍വഹിച്ചു. ആദ്യം 42 ലക്ഷവും, വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ലക്ഷവും ചിലവഴിച്ച നിര്‍മ്മാണം. തുകയുടെ കണക്ക് എന്‍ജിനിയറിംഗ് വിഭാഗത്തിനും വ്യക്‌തമല്ല.
പണി ഇനിയും ഉണ്ടെന്ന് പറഞ്ഞ്, ഉദ്‌ഘാടനം കഴിഞ്ഞിട്ടും, പ്രവര്‍ത്തനം തുടങ്ങാതെ പോയതെന്ന പറച്ചിലിനും അര്‍ത്ഥമില്ല. ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉദാസീനതയെന്നാണ് നഗരസഭാ അധികൃതരുടെ ഭാഷ്യം. ഒരു ജനതയുടെ നികുതി പണം വിനിയോഗിച്ച് നിര്‍മ്മിച്ച ബസ് ടെര്‍മിനല്‍ നാഥനില്ലാതെ നശിച്ചുപോകരുതെന്നാണ് ജനപക്ഷം.