-->
രാമപുരം: സമീപ ഭാവിയില്‍ തന്നെ എ.ഐ.യും സെമികണ്ടക്‌ടര്‍ മേഖലയുമാണ് രാജ്യത്തെ വിദ്യാഭ്യാസ തൊഴില്‍ മേഖലകളെ ആസൂത്രിതമായ കുതിപ്പിലേക്ക് നയിക്കുകയെന്ന് ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദ് അഭിപ്രായപ്പെട്ടു.
സംസ്‌ഥാനത്ത് ആദ്യമായി എ.ഐ. സെമികണ്ടക്‌ടര്‍ ലാബ് ആരംഭിച്ച ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ തേടി രാജ്യം വിടുന്ന സാഹചര്യത്തില്‍ രാജ്യത്തിനുള്ളില്‍ തന്നെ സെമികണ്ടക്‌ടര്‍ മേഖലയിലെ മനുഷ്യശേഷിയുടെ കുറവ് പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് കലക്‌ടര്‍ ചൂണ്ടിക്കാട്ടി.
കോളജ് ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ. അധ്യക്ഷനായി. എ.ഐ. സ്‌റ്റോറേജിലും സെമികണ്ടക്‌ടര്‍ ഡിസൈന്‍ രംഗത്തും പ്രമുഖ സ്‌ഥാപനങ്ങളായ മൈഫൈ ടെക്‌നോളജീസ്യും ഹൈപ്പര്‍കോഗ്നിറ്റീവ് ടെക്‌നോളജീസ്വും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
എ.ഐ. സാങ്കേതികവിദ്യയില്‍ തത്സമയ പരിശീലന പരിപാടികള്‍ നടപ്പാക്കുന്ന സംസ്‌ഥാനത്തെ ആദ്യത്തെ സ്‌ഥാപനമായി ജെംസ് മാറിയതോടൊപ്പം സെമികണ്ടക്‌ടര്‍ ലാബ് പ്രവര്‍ത്തിക്കുന്ന ആദ്യ കോളേജെന്ന നേട്ടവും ജെംസിന്റെ പേരിലായി.
ചടങ്ങില്‍ മൈഫൈ ടെക്‌നോളജീസ് സി.ഇ.ഒ. പ്രസാദ് ബാലകൃഷ്‌ണന്‍, ജെംസ് അക്കാദമിക് ആന്റ് റിസര്‍ച്ച് ഡയറക്‌ടര്‍ ഡോ. ബി.ജി. ഉണ്ണി, ജില്ലാ പഞ്ചായത്തംഗം സി. സുകുമാരന്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജുവൈരിയ, ഹൈപ്പര്‍ കോഗ്നിറ്റീവ് ടെക്‌നോളജീസ് പ്രതിനിധി അമ്പാട്ട് വിനീഷ് മേനോന്‍, ക്യൂബ് എ.ഐ. സി.ഇ.ഒ. ജയപ്രകാശ് പ്രസംഗിച്ചു.
ജെംസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ മോഹന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ എം. വാസുദേവന്‍ നന്ദിയും പറഞ്ഞു.
ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.ടി. ഹംസ, കമാല്‍ അഹമ്മദ്, മുഹമ്മദലി കാളാക്കല്‍ പങ്കെടുത്തു.