-->
അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്‌ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും രക്‌തസാക്ഷിയായ വിശുദ്ധ സെബസ്‌ത്യാനോസിന്റെയും സംയുക്‌ത തിരുനാള്‍ ആഘോഷത്തിനു തുടക്കമായി. ഫൊറോന വികാരി ഫാ.ജോര്‍ജ് കളപ്പുരക്കല്‍ തിരുനാളിന് കൊടിയേറ്റി.
വിശുദ്ധ കുര്‍ബാനയ്‌ക്കു ശേഷം സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും നടത്തി. വൈകിട്ട് ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടന്ന കലാസന്ധ്യ വര്‍ണാഭമായി. ഫാ.തോമസ് ചക്കുങ്കല്‍, ഫാ.ജോസഫ് വെട്ടുകല്ലേല്‍, കൈക്കാരന്മാരായ ലാലിച്ചന്‍ മുക്കാട്ട്, വര്‍ഗീസ് പുതുശ്ശേരി, ലാലി കണിയാഞ്ഞാലില്‍, തോമസ് വാലോലിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഇന്ന് രാവിലെ ആറിന് ആരാധനയും വിശുദ്ധ കുര്‍ബാനയും. രാവിലെ 11ന് വയോജന കൂട്ടായ്‌മയും വിശുദ്ധ കുര്‍ബാനയും ഉണ്ടാകും. അസിസ്‌റ്റന്റ് വികാരി ഫാ.ജോസഫ് വെട്ടുകല്ലേല്‍ കാര്‍മികത്വം വഹിക്കും. വൈകിട്ട് മൂന്നിന് തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവയ്‌ക്കും.
4.45ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും കോഴിക്കോട് അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കലിന് സ്വീകരണം നല്‍കും. തുടര്‍ന്ന് അഞ്ചിന് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന. 6.30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുത്തനങ്ങാടി കുരിശുപള്ളിയിലേക്ക് ആഘോഷമായ പ്രദക്ഷിണം.
8.15ന് ആകാശവിസ്‌മയവും ലൈറ്റ് ഷോയും വാദ്യമേളങ്ങളും. നാളെ രാവിലെ ആറിന് ആരാധനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും. 9.45ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന് സ്വീകരണം നല്‍കും.
തുടര്‍ന്ന് 10ന് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും. പരിയാപുരം കുരിശുപള്ളിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം സമാപന ആശീര്‍വാദവും വാദ്യഘോഷവും. രാത്രി 7.30ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം മിഠായിത്തെരുവ് അരങ്ങേറും. ഇതോടെ തിരുനാളിനു സമാപനമാകും.